യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

തിരുവനന്തപുരം: പണം ദുബൈയിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നും പണമിടപാട് വിവരങ്ങള്‍ വീണയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ 7 പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ കത്തില്‍. റെഡ് ബുക്ക് എന്നാണ് ഇതിനെ ഇഡി വിശേഷിപ്പിച്ചത്. വീണയുടെ താമസസ്ഥലത്തു നടത്തിയ റെയ്ഡില്‍ ലഭിച്ച ചുവന്ന ഡയറിയാണിത്. ഇതെക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും അനുബന്ധ തെളിവുകളായി കൂട്ടിച്ചേര്‍ത്താണ് പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇ.ഡി. നടത്തിയ അന്വേഷണത്തില്‍ ദുബൈലേക്ക് പണം കടത്തിയതിന്റെ തെളിവുകളും കണ്ടെത്തി. ഇവിടെ കൈമാറുന്ന രൂപ ദുബൈയില്‍ അവിടുത്തെ കറന്‍സിയായി ലഭ്യമാക്കുന്ന ഹവാല ഇടപാടാണ് നടന്നത്. റിയാസിന്റെ സുഹൃത്തുക്കള്‍ വഴി നടത്തിയ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഡയറിയില്‍ ഉണ്ടായിരുന്നു. ഇതെല്ലാം വീണ സമ്മതിച്ചെന്ന് വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബൈയിലേക്ക് കടത്തിയെന്നും ഇഡി നല്കിയ കത്തില്‍ പറയുന്നു.
ഇടപാടുമായി ബന്ധപ്പെട്ടവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ തെളിവ് ലഭിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കു മുമ്പിലാണ് വീണ, പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ സമ്മതിച്ചതായി ഇ.ഡി. വ്യക്തമാക്കുന്നത്. വീണ ഒപ്പിട്ട മൊഴിയുടെ പകര്‍പ്പും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ഈ പണം എവിടെനിന്നു വന്നു, എങ്ങോട്ട് പോയി, ആരോക്കെ കൂട്ടുനിന്നു, ഇതിനായി സ്വീകരിച്ച നിയമവിരുദ്ധ നടപടികള്‍ തുടങ്ങിയ കാര്യങ്ങളാണ് സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തേണ്ടത്. സിഎംആര്‍എല്‍ എക്സാലോജിക് പണമിടപാടിനേക്കാള്‍ ഗൗരവമുള്ള കുറ്റകൃത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.
തെളിവുകളടക്കം നല്‍കിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം പോലീസിനെതിരെ കേസ് എടുക്കുമെന്ന മുന്നറിയിപ്പും ഇ.ഡി. റിപ്പോര്‍ട്ടിലുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ പരോക്ഷമായി കൂട്ടുനില്‍ക്കുകയോ അതേക്കുറിച്ച് അറിഞ്ഞിട്ടും മൂടിവെക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഈ വകുപ്പ് ബാധകം. ഇത്രയും ഗൗരവമുള്ള തെളിവുകളടക്കം നല്കിയ റിപ്പോര്‍ട്ട് അവഗണിച്ചാല്‍ സംസ്ഥാന പോലീസ് മേധാവി പ്രതിയാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. അതിനാല്‍ ഏറെ ശ്രദ്ധിച്ചാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇഡി നല്കിയ റിപ്പോര്‍ട്ടിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അക്കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.