യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന എല്ലാ വിദേശയാത്രക്കാരും ‘എയര്‍ സുവിധ’ (Air Suvidha Self-Declaration Form (SDF)) ഫോം പൂരിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇമിഗ്രേഷന്‍ ബ്യൂറോ പുതിയ യാത്രാ മാര്‍ഗനിര്‍ദ്ദേശം പുറത്തിറപ്പിച്ചു. യു.എഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികളും വിനോദസഞ്ചാരികളും ഈ നിയമം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍, ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഉടമകള്‍, വിദേശ പാസ്പോര്‍ട്ട് ഉടമകള്‍ തുടങ്ങിയവരെല്ലാം ഫോം പൂരിപ്പിക്കണം.
ഇന്ത്യയില്‍ എത്തിച്ചേരുന്നതിന് 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി എസ്ഡിഎഫ് പൂരിപ്പിക്കണം. യാത്ര തിരിക്കുന്നതിന് മുന്‍പ്, പ്രത്യേകിച്ച് വെബ് ചെക്ക്-ഇന്‍ സമയത്ത് തന്നെ ഇത് പൂര്‍ത്തിയാക്കുന്നതാണ് ഉചിതം. ഈ സേവനത്തിനായി യാതൊരു ഫീസും ഈടാക്കുന്നില്ല. ഔദ്യോഗിക പോര്‍ട്ടലായ airsuvidha.civilaviation.gov.in വഴിമാത്രം ഫോം പൂരിപ്പിക്കുക.
ഫോം പൂരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍
.സാധുതയുള്ള പാസ്പോര്‍ട്ട് വിവരങ്ങളും ആവശ്യമെങ്കില്‍ ഇന്ത്യന്‍ വിസയും.
.ഫ്ലൈറ്റ് ടിക്കറ്റ് അല്ലെങ്കില്‍ ബോര്‍ഡിംഗ് പാസ്.
.ഇന്ത്യയില്‍ താമസിക്കുന്ന വിലാസവും കോണ്ടാക്റ്റ് നമ്പറും.
.കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രവും വിദേശ ട്രാന്‍സിറ്റ് വിവരങ്ങളും.
.ഒ.ടി.പി വെരിഫിക്കേഷനായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും.
ഫോം പൂരിപ്പിക്കുന്ന വിധം
വ്യക്തിഗത വിവരങ്ങള്‍: പാസ്പോര്‍ട്ട് വിവരങ്ങള്‍, പൗരത്വം, ഫ്ലൈറ്റ് നമ്പര്‍, ഇന്ത്യയിലെത്തിച്ചേരുന്ന ആദ്യ വിമാനത്താവളം, കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങള്‍ എന്നിവ നല്‍കുക.
ട്രാന്‍സിറ്റ് വിവരങ്ങള്‍: വിദേശത്ത് ഏതെങ്കിലും സ്റ്റോപ്പുകള്‍ ഉണ്ടെങ്കില്‍ ‘Add Transit Row എന്ന ഓപ്ഷന് വഴി വിവരങ്ങള്‍ ചേര്‍ക്കുക.
ആരോഗ്യ വിവരങ്ങള്‍: എബോള പോലുള്ള രോഗബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോയെന്നും പനി അല്ലെങ്കില്‍ മറ്റ് രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്നും വ്യക്തമാക്കുക.
വിവരങ്ങള്‍ പരിശോധിച്ച് ഫോം സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അക്നോളജ്മെന്റ് ഡൗണ്‍ലോഡ് ചെയ്ത് കൈവശം സൂക്ഷിക്കുക. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ ആവശ്യപ്പെടുന്ന പക്ഷം യാത്രക്കാര്‍ എയര്‍ സുവിധ അക്നോളജ്മെന്റ് കാണിക്കേണ്ടതാണ്. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകള്‍ക്ക് ശേഷം ഭൂരിഭാഗം യാത്രക്കാര്‍ക്കും സാധാരണ രീതിയില്‍ പുറത്തുപോകാന്‍ സാധിക്കും. എന്നാല്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാര്‍ അധിക പരിശോധനകള്‍ നടത്തിയേക്കാം. കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഈ സംവിധാനം കര്‍ശനമാക്കിയിട്ടുള്ളത്.