സൗദി യാത്ര പ്രതിസന്ധിയില്: ഇന്ത്യയില് നിന്നുള്ള വിമാന സര്വീസുകള് കൂട്ടത്തോടെ റദ്ദാക്കി

ദുബൈ: സൗദി അറേബ്യയിലെ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങള് കൂട്ടത്തോടെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമ്മാം, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്വീസുകളാണ് റദ്ദാക്കിയത്. ഇന്ഡിഗോ, എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ്, അകാശ എയര് എന്നീ കമ്പനികള് റിയാദിലേക്കും മറ്റ് സൗദി നഗരങ്ങളിലേക്കുമുള്ള സര്വീസുകളുടെ റദ്ദാക്കല് ദീര്ഘിപ്പിച്ചു.
എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള് ഒക്ടോബര് 20 വരെയും ഇന്ഡിഗോ ഒക്ടോബര് 24 വരെയും ആകാശ എയര് ഒക്ടോബര് 21 വരെയും വിമാന സര്വീസുകള് റദ്ദാക്കി. കേരളത്തില് നിന്നുള്ള സര്വീസുകളും റദ്ദാക്കിയതോടെ നൂറുകണക്കിന് മലയാളികള്ക്കാണ് യാത്ര ചെയ്യാനാകാതെ വന്നത്. കോഴിക്കോട് വിമാനത്താവളത്തില് വെള്ളിയാഴ്ചത്തെ 22 വിമാന സര്വീസുകള് റദ്ദാക്കി. ഗള്ഫ് നാടുകളില്നിന്ന് കരിപ്പൂരിലെത്തേണ്ട 12 സര്വീസുകളും കരിപ്പൂരില്നിന്ന് പുറപ്പെടേണ്ട 10 സര്വീസുകളാണ് റദ്ദാക്കിയത്.
റാസല്ഖൈമയില്നിന്ന് പുലര്ച്ചെ 2.50ന് എത്തേണ്ട എയര് അറേബ്യ, രാവിലെ 6.25ന് ദമാമില്നിന്നും ഉച്ചയ്ക്ക് 2.05ന് ജിദ്ദയില്നിന്നും എത്തേണ്ട ഇന്ഡിഗോ, രാവിലെ 6.55ന് റാസല്ഖൈമയില്നിന്നും 7.35ന് റിയാദില്നിന്നും 9.15ന് ബഹ്റൈനില്നിന്നും വൈകിട്ട് 6.35ന് ദമാമില്നിന്നും ഏഴിന് അല്ഐനില്നിന്നും എത്തേണ്ട എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും രാവിലെ 8.20നും വൈകിട്ട് 3.15നും റിയാദില് നിന്നെത്തേണ്ട ഫ്ളൈനാസ്, സൗദിയ എയര്ലൈന്സിന്റെ, രാവിലെ 8.55ന് എത്തേണ്ട റിയാദ്, വൈകിട്ട് 5.40ന് ജിദ്ദയില് നിന്നെത്തേണ്ട ആകാശ് എയര് എന്നീ സര്വീസുകള് റദ്ദാക്കിയതായി അധികൃതര് അറിയിച്ചു.
കരിപ്പൂരില്നിന്ന് ഇന്ന് പുലര്ച്ചെ 3.30ന് പുറപ്പെടേണ്ട എയര് അറേബ്യയുടെ റാസല്ഖൈമ, എയര് ഇന്ത്യ എക്സ്പ്രസിന്റെ രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 10ന് പുറപ്പെടേണ്ട അല്ഐന്, രാത്രി 8.15ന് പുറപ്പെടേണ്ട റിയാദ്, 11.05ന് പുറപ്പെടേണ്ട ബഹ്റൈന് വിമാനങ്ങളും ഫ്ലൈ നാസിന്റെ രാവിലെ 9.10നും വൈകിട്ട് 4.05നും റിയാദിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളും രാവിലെ 9.55നുള്ള സൗദിയ എയര്ലൈന്സിന്റെ റിയാദ് വിമാനവും വൈകിട്ട് 6.45നുള്ള ആകാശ എയറിന്റെ ജിദ്ദ, വൈകിട്ട് 6.50നുള്ള ഇന്ഡിഗോയുടെ ജിദ്ദ എന്നീ സര്വീസുകളുമാണ് റദ്ദാക്കിയത്.