സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

റിയാദ്: സൗദി അറേബ്യയിലെ ദമ്മാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെടുകയും രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും ഒരു സൗദി പൗരനുമാണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിന് സമീപം മറ്റ് ആക്രമണങ്ങളിലും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലും ദമ്മാമിലും ബുധനാഴ്ച നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് താമസക്കാരും ഒരു സൗദി പൗരനും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ആക്രമണത്തില്‍ ആകെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സൗദി പൗരനും ഒരു നേപ്പാള്‍ പൗരനും ഉള്‍പ്പെടുന്നു. ഇന്ത്യ, യെമന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ വീതവും പരിക്കേറ്റവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
മരിച്ച ഇന്ത്യക്കാരനെക്കുറിച്ചും പരിക്കേറ്റവരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച എംബസി, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടായതായും അതിന്റെ വ്യാപ്തി വിലയിരുത്തിവരികയാണെന്നും സൗദി വ്യോമയാന അതോറിറ്റി അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി തടസ്സപ്പെട്ട കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായും അതോറിറ്റി സ്ഥിരീകരിച്ചു.