ജന്തര്‍ മന്തര്‍ പോലീസ് അതിക്രമം: വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിംലീഗ്

ന്യൂഡല്‍ഹി: രാജ്യത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയും മത്സരപരീക്ഷകള്‍ ന്യായമായും സുതാര്യമായും നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, ആര് എസ്പി , കേരള കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ വേദി സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി, എംപിമാരായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പി. വി അബ്ദുല്‍ വഹാബ്, കെ. നവാസ് കനി, ഹാരിസ് ബീരാന്, ആര്‍എസ്പി യുടെ എന്‍.കെ. പ്രേമചന്ദ്രന് എംപി, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി എന്നിവര്‍ പ്രതിഷേധ വേദിയിലെത്തി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.
തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണ്. കഠിനാധ്വാനം ചെയ്ത് പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികളോട് കടുത്ത അനീതിയാണ് നടക്കുന്നതെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ പരീക്ഷാ സംവിധാനത്തിലുള്ള പൊതുജനവിശ്വാസം തകര്‍ക്കുന്നതായും അവര്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം ഗുരുതരമായ വീഴ്ചകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് എം പിമാര്‍ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
