യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

കൊച്ചി: വിദേശ യാത്രയ്ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് രൂക്ഷ വിമര്‍ശനം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചികിത്സ തേടുകയും പുറത്തിറങ്ങിയപ്പോള്‍ വിദേശയാത്രയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിലെ വൈരുധ്യം എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചോദിച്ചു.
ദുബൈയിലെ ഒരു സ്ഥാപനത്തില്‍ ജോലിയുണ്ടെന്ന് കാണിച്ച് വിദേശയാത്രാ വിലക്ക് നീക്കാനായി തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. തച്ചങ്കരി ജയിലില്‍ കഴിഞ്ഞ കാലയളവില്‍ എത്രദിവസം സെല്ലിലും എത്രദിവസം ആശുപത്രിയിലും കഴിയേണ്ടിവന്നു, എന്തിനാണ് ചികിത്സ തേടിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ കോടതിയിലിരിക്കുന്നവര്ക്ക് ബുദ്ധിയില്ലെന്ന് ജനങ്ങള്‍ സംശയിക്കുമെന്നും കോടതിയിലുള്ളവരും ബുദ്ധിയുള്ളവരാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു മുന്‍ ഡിജിപി അഴിമതിക്കേസില്‍ ജയിലിലാകുന്നത്. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയെങ്കിലും വിദേശയാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ട്.