
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഗള്‍ഫ് പ്രവാസി മലയാളിയുടെ ദേശാന്തരവാസത്തിന്റെ തിക്താനുഭവങ്ങള്ക്കൊപ്പം മലയാളികള്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്നതാണ് ഖോര്ഫക്കാന് കടല്‍ തീരം. ജീവനും കൈയിലെടുത്ത് സ്വപ്നഭൂമി തേടി പത്തേമാരികളില്‍ വന്നിറങ്ങിയ പ്രവാസികളുടെ ആദ്യ തലമുറയുടെ കഥകള്‍ ഇവിടെയാണ് തുടങ്ങുന്നത്. ഗള്‍ഫ് സ്വപ്നങ്ങളുമായി പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മലയാളികളടക്കമുള്ളവര്‍ പത്തേമാരികളില്‍ എത്തിയിരുന്ന ഖോര്ഫക്കാന് തുറമുഖം ദേശാന്തര ഖ്യാതി നേടിയ യുഎഇയിലെ പൈതൃക ഭൂമികയാണ്. 1960-70 കളില്‍ അനേകം പ്രവാസികള്‍ ഈ തീരത്ത് പത്തേമാരിയില്‍ വന്നിറങ്ങിയിരുന്നു. സ്വപ്നഭൂമി തേടി നീന്തലറിയാത്ത നിരവധി പേര് ഈ തീരത്ത് മരിച്ചു വീണു. നിയമാനുസൃതമല്ലാതെ പോയിരുന്ന ഈ യാത്രക്കൊരു ഉറപ്പുമില്ലായിരുന്നു. മരിച്ചവരും തിരിച്ചുവരാത്തവരും ധാരാളം. ദുരിതയാത്രയും തുടര്‍ന്നുള്ള ദുരന്ത ജീവിതവുമായി അങ്ങനെ ധാരാളം മലയാളി പ്രവാസികള്‍ ഈ തീരത്ത് കാലുകുത്തി. അറുപതുകളില്‍ തുടങ്ങി ഇന്നുവരെയുള്ള പ്രവാസ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നേരിടേണ്ടിവന്ന യാതനകളും നേടിയ സൗഭാഗ്യങ്ങളും നഷ്ടമായ സ്വപ്നങ്ങളുടെ കഥകളുമാണ് ഓരോ പ്രവാസി മലയാളിക്കും ഈ തീരം നല്കുന്ന മനസഞ്ചാരം.
പത്തേമാരിയില്‍ ഖോര്ഫക്കാന് തീരത്തെത്തി കാല്‍നടയായും ചരക്കു വാഹനങ്ങളിലും കയറി ദുബൈയില്‍ എത്തി ജീവിതം പടുത്തുയര്‍ത്തിയവരാണ് പൂര്‍വ കാല പ്രവാസികളില്‍ പലരും. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ മണ്ണാണിത്. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ചൂരേറ്റു വാങ്ങിയ മണ്ണ്. ഒരു കാലത്ത് ബോംബെയില്‍ നിന്നും ഗള്‍ഫ് മരുപ്പച്ച തേടി വരുന്ന ഭാഗ്യാന്വേഷികളായ മലയാളി ചെറുപ്പക്കാരെ ഖോര്ഫക്കാന് തീരത്ത് ഉരു ഉടമകള്‍ ഇറക്കിവിടും കാരണം ഹൊര്‍മുസ് കടലിടുക്ക് ചുറ്റി ദുബൈയിയില്‍ എത്തിയാല്‍ പോലീസിന്റെ പിടിയില്‍ പെടാന്‍ സാധ്യത കൂടുതലായിരുന്നു. താരതമ്യേന വിജനമായ ഖോര്ഫക്കാന് തീരം അവര്‍ക്ക് സുരക്ഷിത താവളമായിരുന്നു. നിഷ്കളങ്കരായ തദ്ദേശിയര്‍ അവര്‍ക്ക് ആഹാരവും അഭയവും നല്‍കിയിരുന്നു.
ഇന്ന്, നാഗരികതയുടെ നടുമുറ്റത്തുനിന്നും യുഎഇയുടെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്ന പുതു തലമുറയിലെ സഞ്ചാരികള്‍ക്ക് ഖോര്ഫക്കാന് നീരാടാനുള്ള വിനോദ കേന്ദ്രം മാത്രമാകുമ്പോള്‍ തങ്ങളുടെ ദേശത്തെ ഓരോ പൈതൃക മുദ്രകളും വലിയ പ്രാധാന്യത്തോടെ നിലനിര്‍ത്തുകയാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹം ഖോര്ഫക്കാന് തീരത്ത് പൈതൃക ഗ്രാമം നാടിനായി സമര്‍പ്പിച്ചത്. പൈതൃക കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഗ്രാമത്തില്‍ വിനോദസഞ്ചാരികള്‍ക്കായി വിപുല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഖോര്ഫക്കാന് കടലുമായി ചേരുന്ന അല്‍വാദി വാട്ടര്‍ കനാല്‍ സന്ദര്‍ശകര്‍ക്ക് ഉല്ലാസ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓള്‍ഡ് സൂഖ്, ക്രാഫ്റ്റ്സ് മ്യൂസിയങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഖോര്‍ഫക്കാനിലെ പൈതൃക മേഖലകള്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍ വര്‍ധിത പ്രാധാന്യത്തോടെയാണ് ഷാര്‍ജയുടെ കീഴില്‍ നടന്നുവരുന്നത്. മലയുടെ ഉച്ചിയില്‍ തട്ടുതട്ടുകളായി കാണുന്ന പൗരാണിക വീടുകള്‍ അതിമനോഹരമാണ്. കേവലം കാഴ്ച്ചകള്‍ക്ക് വേണ്ടി ഒരുക്കിയതല്ല ഈ വീടുകള്‍. പോര്‍ച്ചുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാര സാഹിത്യകാരനുമായിരുന്നു ഡ്വാര്‍ത്തേ ബാര്‍ബോസയോടൊപ്പം വന്ന പറങ്കി പടയെ അടിച്ചോടിച്ച ഖോര്‍ഫക്കാന്റെ ധീരത പതിഞ്ഞ് കിടക്കുന്നവയാണ് ഈ വീടുകള്‍. ചരിത്രങ്ങള്‍ തച്ചുടക്കുമ്പോളല്ല, അവ യഥാര്‍ഥ ചാരുതയില്‍ പുനര്നിര്മിക്കുമ്പോഴാണ് ഒരു രാജ്യം മുന്‍തലമുറയോട് ആദരവുള്ളവരായി മാറുന്നതെന്ന് ക്രിയാത്മകമായി തെളിയിക്കുകയാണ് ചരിത്ര കുതുകികൂടിയായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തുറമുഖ ഉപനഗരമായ ഖോര്ഫക്കാന് ആവോളം സൗന്ദര്യം പകര്‍ന്നിട്ടുണ്ട് ഷാര്‍ജ. സ്വപ്ന പദ്ധതിയായ ഖോര്ഫക്കാന് തുരങ്ക പാത പൂര്‍ത്തിയായതോടെയാണ് പ്രദേശം കൂടുതല്‍ സൗന്ദര്യവതിയായത്. പോര്‍ച്ചുഗീസുകാരോട് പോരാടി, അധിനിവേശത്തെ ചെറുത്ത കോട്ടകളും കൊത്തളങ്ങളും മലമുകളിലുള്ള വീടുകളും അതിമനോഹരമായി വാര്‍ത്തെടുത്താണ് ഷാര്‍ജ മുന്‍തലമുറയോട് ചേര്‍ന്ന് നില്‍ക്കുന്നത്.