സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

ദുബൈയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ദുബൈ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി ദുബൈ സിലിക്കണ്‍ ഒയാസിസിലെ ഫക്കീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയുടെയും സഹജീവി സ്നേഹത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ശ്രദ്ധേയമായി. ദുബൈ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസ്കര്‍ ചൂരി സ്വാഗതം പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് ഏറെ മാതൃകാപരമാണെന്ന് സലാം കന്യാപ്പാടി പറഞ്ഞു. സ്വാതന്ത്ര്യം എന്നത് ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, സഹജീവികള്‍ക്ക് കൈത്താങ്ങാകുന്ന പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തിലേക്ക് പകരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി നല്കുന്ന രക്തം മറ്റൊരാളുടെ ജീവന് നിലനിര്‍ത്താനുള്ള അമൂല്യമായ സഹായമായി മാറുന്നു. രോഗികള്‍ക്കും അടിയന്തര ചികിത്സ ആവശ്യമായവര്‍ക്കും അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും സമയബന്ധിതമായി രക്തം ലഭ്യമാക്കുന്നതില്‍ സന്നദ്ധ രക്തദാനത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ രക്തദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കുകയും കൂടുതല്‍ ആളുകളെ സന്നദ്ധ രക്തദാനത്തിലേക്ക് കൊണ്ടുവരികയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിനിടയില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും, അതിന്റെ തുടര്‍ച്ചയായാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ക്യാമ്പില്‍ നിരവധി പേര് സന്നദ്ധരായി പങ്കെടുത്ത് രക്തം ദാനം ചെയ്തു. രക്തദാതാക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഒരുക്കി മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം നല്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ ആക്ടിങ് സെക്രട്ടറി അഷ്റഫ് ബായാര്‍, ജില്ലാ ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, സിദ്ദിഖ് ചൗക്കി, അന്‍വര്‍ വയനാട്, ഇബ്രാഹിം ബേരിക്കെ, സിനാന് തൊട്ടാന്‍, നാസര്‍ പാലക്കൊച്ചി, യൂസഫ് ഷേണി, ഷിഫാസ് പട്ടേല്‍, ഗഫൂര്‍ ഊദ്, സാബിത്ത് പി.സി. എന്നിവര്‍ സംബന്ധിച്ചു.
