യുഎഇയില്‍ കാര്‍ റെന്റല്‍ കമ്പനികള്‍ ട്രാക്കിങ് സംവിധാനം സ്ഥാപിക്കണം

അഹമ്മദാബാദ്: ഗുജറാത്തിലെ തരാദ്-ദീസ ഹൈവേയില്‍ കാളയുമായി കൂട്ടിയിടിച്ച് ആഡംബര കാര്‍ തകര്‍ന്ന് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ലാന്‍ഡ് റോവര്‍ ഡിസ്കവറി കാര്‍ കാളയുമായി കൂട്ടിയിടിച്ച ശേഷം ഹൈവേയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്ന് തകര്‍ന്ന് തരിപ്പണമായി.
രാജ്കോട്ടില്‍ നിന്ന് രാജസ്ഥാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെ മാല്പൂരിന് സമീപത്ത് വച്ചാണ് അപകടം. റോഡിലേക്ക് കയറി വന്ന കാളയെ ഇടിച്ചുതെറിപ്പിക്കുകയും റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിലേക്ക് കാര്‍ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും വേര്‍പെട്ട് റോഡിലേക്ക് ചിതറിത്തെറിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അമ്രേലി, രാജ്കോട്ട് സ്വദേശികളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ യാത്രക്കാരനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലെ ആശുപത്രിയിലേക്കും മാറ്റി. അപകടത്തില്‍പ്പെട്ട കാളയും സംഭവസ്ഥലത്തുതന്നെ ചത്തു. ഇന്ത്യന്‍ ഹൈവേകളില്‍ കന്നുകാലികള്‍ കയറുന്നതുമൂലം അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്.