`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

ചെന്നൈ: 75ാം വയസ്സിലും താരപ്രഭയില്‍ മമ്മൂട്ടി; അഭിനയജീവിതത്തിന് അഞ്ച് പതിറ്റാണ്ടിന്റെ തിളക്കം. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന് നല്കി. വില്ലനായി തുടങ്ങി നായകനിലേക്കും പിന്നീട് വ്യത്യസ്ത തലമുറകളുടെ പ്രിയതാരമായും വളര്‍ന്ന മമ്മൂട്ടി, അഭിനയത്തിലെ വൈവിധ്യം കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായ ഇടം ഉറപ്പിച്ചത്. ദേശീയ പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ മമ്മൂട്ടി, പ്രായം കൂടുംതോറും കൂടുതല്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍, വ്യത്യസ്ത ഭാവങ്ങള്‍, എന്നാല്‍ സ്ക്രീനിലെ അതേ താരപ്രഭ-അതാണ് മമ്മൂട്ടി.
75 പിന്നിടുമ്പോഴും മമ്മൂട്ടിക്ക് വിശ്രമമില്ല; മലയാള സിനിമയുടെ ‘മെഗാസ്റ്റാര്‍’ ഇന്നും പുതിയ കഥാപാത്രങ്ങളുടെ തിരക്കിലാണ്. ചെന്നൈയില്‍ പുതിയ സിനിമയുടെ ലൊക്കേഷനിലുള്ള മമ്മൂട്ടി അവിടെയാണ് പിറന്നാള്‍ ആഘോഷിക്കുന്നു. മലയാള സിനിമാ മനസ്സ് മുഴുവനും ഇന്ന് മമ്മൂക്കാക്ക് സമര്‍പിച്ചിരിക്കുകയാണ്. 75 പിന്നിടുന്ന മമ്മൂട്ടി അഭിനയത്തിന്റെ അഞ്ച് പതിറ്റാണ്ടിന്റെ സാന്നിധ്യവും ഉറപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ജീവന് നല്കി. നായകന്, വില്ലന്‍, ചരിത്രപുരുഷന്, സാധാരണക്കാരന്, പൊലീസ് ഉദ്യോഗസ്ഥന്, രാഷ്ട്രീയക്കാരന് തുടങ്ങി വ്യത്യസ്ത ജീവിതങ്ങളെയും ഭാവങ്ങളെയും തിരശ്ശീലയില്‍ അവതരിപ്പിച്ചാണ് അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്റേതായ ഇടം ഉറപ്പിച്ചത്. മമ്മൂട്ടിയെക്കുറിച്ച് പറയാനും എഴുതാനും വാക്കുകളില്ലാത്ത വിധം നടനത്തിന്റെ വേറിട്ട തലങ്ങളിലൂടെ സഞ്ചരിച്ച മമ്മൂട്ടി ഇനിയും ശക്തമായി കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്.
ഇന്ത്യന്‍ സിനിമ എക്കാലവും ഓര്‍ത്തെടുക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ബിഗ്സ്ക്രീനില്‍ സമ്മാനിച്ച മമ്മൂട്ടിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ചന്തു ചേകവരില്‍ തുടങ്ങി കൊടുമണ്‍ പോറ്റിവരെ, മലയാളത്തെ വിസ്മയിപ്പിച്ച കഥാപാത്രങ്ങള്‍ ഒരുക്കിയ മമ്മൂട്ടി, ഇനിയും അഭിനയത്തിന്റെ പുതിയ മുഖം തേടിയുള്ള യാത്രയിലാണ്. ഒരു വടക്കന്‍ വീരഗാഥ (1989) ചന്തു ചേകവര്‍, മതിലുകള്‍ (1990) വൈക്കം മുഹമ്മദ് ബഷീര്‍, അമരം (1991) അച്ചൂട്ടി, വിധേയന് (1993) ഭാസ്കര പട്ടേലര്, പൊന്തന്മാട (1994) പൊന്തന്മാട, മൃഗയ (1989) വാറുണ്ണി, കോട്ടയം കുഞ്ഞച്ചന് (1990) കുഞ്ഞച്ചന്, ദി കിംഗ് (1995) ജോസഫ് അലക്സ്, ഭൂതക്കണ്ണാടി (1997) വിദ്യാധരന്, ഡോ. ബാബാസാഹിബ് അംബേദ്കര്‍ (2000) ഡോ. ബി.ആര്. അംബേദ്കര്‍, കാഴ്ച (2004) മാധവന്, പാലേരി മാണിക്യം (2009) ഹരിദാസ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ് (2010) സി.പി. ഫ്രാന്‍സിസ്, മുന്നറിയിപ്പ് (2014) സി.കെ. രാഘവന്, പത്തേമാരി (2015) പള്ളിക്കല്‍ നാരായണന്, പേരന്പ് (2018) അമുദന്, നന്‍പകല്‍ നേരത്ത് മയക്കം (2022) ജെയിംസ്/സുന്ദരം, കാതല്‍ ദി കോര്‍ (2023) മാത്യു ദേവസ്സി, റോഷാക്ക് (2022) ലൂക്ക് ആന്റണി, കണ്ണൂര്‍ സ്ക്വാഡ് (2023) എ.എസ്.ഐ. ജോര്‍ജ് മാര്ട്ടിന്, ഭ്രമയുഗം (2024) കൊടുമണ്‍ പോറ്റി-അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍.
പുരസ്കാരനേട്ടങ്ങളില്‍ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് നാല് തവണ ലഭിച്ചിട്ടുണ്ട്. മതിലുകള്‍/ഒരു വടക്കന്‍ വീരഗാഥ (1990), വിധേയന്/പൊന്തന്മാട (1994), ഡോ. ബാബാസാഹിബ് അംബേദ്കര്‍ (1999), ഭ്രമയുഗം (2026). കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും നിരവധി തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കാഴ്ച, പാലേരി മാണിക്യം, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ അതില്‍ പ്രധാനപ്പെട്ടവയാണ്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിന് 2026ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയതോടെ, 75ാം വയസ്സിലും അഭിനയമികവിന്റെ പുതിയ ഉയരത്തിലെത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘ചന്തു ചേകവരില്‍ നിന്ന് കൊടുമണ്‍ പോറ്റിയിലേക്ക്…കഥാപാത്രങ്ങള്‍ മാറി, കാലം മാറി; പക്ഷേ മമ്മൂട്ടിയുടെ അഭിനയപ്രഭയ്ക്ക് ഇന്നും മങ്ങലില്ല. നടനത്തിന്റെ മഹാമേരു.
