ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ആഡംബര കാറിടിച്ച് മൂന്നുപേര്‍ മരിച്ച അപകടത്തിനു തൊട്ടുമുന്‍പ് കാര്‍ അമിത വേഗതയിലായിരുന്നെന്നു മിനി കൂപ്പര്‍ കമ്പനി സ്ഥിരീകരണം. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് 162 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ ഓടിയിരുന്നതെന്ന് വാഹനക്കമ്പനി നടത്തിയ സാങ്കേതിക പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിന്റെ അഡ്വാന്‍സ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് കാര്‍ കമ്പനി ഇന്ന് അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് നടത്തിയ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്ന തരത്തിലാണ് കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോര്‍ട്ടിലെയും വിവരങ്ങളെന്ന് പോലീസ് പറഞ്ഞു.
കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 144 കിലോമീറ്ററായിരുന്നുവെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കന്‍ഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡല്‍ അമര്‍ത്തിയതെന്നും വാഹനത്തിന്റെ ക്രാഷ് ഡേറ്റാ വിശകലനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 11 നാണ് എറണാകുളം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍, സുവര്ണ്ണോദ്യാനത്തിന് സമീപം ആഡംബര കാര്‍ സ്കൂട്ടറില്‍ ഇടിച്ച് കൂര്‍ഗ് കൊടഗു സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക എന്നിവര്‍ മരിച്ചത്. ആലപ്പുഴ സ്വദേശി സുഹൈല്‍ സജീവ് (19) ആണ് വാഹനമോടിച്ചിരുന്നത്.