ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

ദുബൈ: ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ സുരക്ഷിതരാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചവര്‍ക്ക് അതിനായി പണം നല്‍കിയെന്ന പ്രചാരണം തള്ളി ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ ബുധനാഴ്ച നടന്ന അറബ് മീഡിയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുഎഇയെ പ്രതിരോധിച്ചും പിന്തുണച്ചും സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചവര്‍ അത് പണത്തിനുവേണ്ടിയല്ല, മറിച്ച് രാജ്യത്തോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണെന്ന് അവര്‍ പറഞ്ഞു.
ഇറാന്റെ ആക്രമണങ്ങള്‍ ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ പിന്തുണച്ച് നിരവധി താമസക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ചില വിദേശ മാധ്യമങ്ങളും നിരീക്ഷകരും പോസിറ്റീവ് പ്രതികരണങ്ങള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പണം നല്കിയിരിക്കാമെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ‘യുഎഇയെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ പണത്തിനുവേണ്ടിയല്ല, രാജ്യത്തോടുള്ള സ്നേഹം കൊണ്ടാണ് അത് ചെയ്തത്,’ ശൈഖ ലത്തീഫ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് പിന്നില്‍ രാജ്യത്തിന്റെ നേതൃത്വവുമായുള്ള ദീര്‍ഘകാല ബന്ധമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി. ദുബൈയില്‍ ജീവിക്കുന്ന എല്ലാവരുടെയും സന്തോഷം, സൗകര്യം, സുരക്ഷ എന്നിവ ഉറപ്പാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വിശ്വാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ സൃഷ്ടിക്കാനാവില്ല
നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച മാധ്യമരംഗത്തെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയാണെന്നും, ആര്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ ഉള്ളടക്കം സൃഷ്ടിക്കാനും വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും കഴിയുന്ന സാഹചര്യത്തില്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക കൂടുതല്‍ വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണെന്നും ശൈഖ ലത്തീഫ പറഞ്ഞു. ‘സാങ്കേതികവിദ്യ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉള്ളടക്കം സൃഷ്ടിക്കാം. എന്നാല്‍ വിശ്വാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ സൃഷ്ടിക്കാനാവില്ല,’ എന്നായിരുന്നു അവരുടെ സന്ദേശം. ഒരു നഗരത്തെക്കുറിച്ച് ആയിരം കഥകള്‍ എഴുതാന്‍ കഴിയുമെന്നും, എന്നാല്‍ ആ നഗരത്തെക്കുറിച്ച് അവിടെ ജീവിക്കുന്ന ജനങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുന്ന കഥകള്‍ക്കാണ് ഏറ്റവും വലിയ സ്വാധീനമുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. യുഎഇ ജനങ്ങളുടെ കഴിവുകളില്‍ വിശ്വാസം അര്‍പ്പിച്ചാണ് മുന്നോട്ടുപോയതെന്നും, അതാണ് ദുബൈയെ സന്ദര്‍ശകരെയും നിക്ഷേപകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്ന ആഗോള നഗരമായി വളരാന്‍ സഹായിച്ചതെന്നും ശൈഖ ലത്തീഫ കൂട്ടിച്ചേര്‍ത്തു.