ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

റിയാദ്: മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണശ്രമത്തെ സൗദി അറേബ്യയും വിവിധ മുസ്ലിം രാജ്യങ്ങളും സംഘടനകളും ശക്തമായി അപലപിച്ചു. ചൊവ്വാഴ്ച മക്കയുടെ തെക്ക് ഭാഗത്ത് എത്തിയ ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തിരുന്നു. മക്കയുടെ നിയന്ത്രിത വ്യോമപരിധിയില്‍ പ്രവേശിക്കുന്നതിന് മുമ്പായിരുന്നു നടപടി. മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ രണ്ടാമത്തെ ശ്രമമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2017 ജൂലൈ 27നായിരുന്നു ആദ്യ ശ്രമം നടന്നതെന്ന് മന്ത്രാലയം പറഞ്ഞു. വിശുദ്ധ നഗരത്തിനെതിരായ ആക്രമണശ്രമം ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും വിശുദ്ധ കേന്ദ്രങ്ങള്‍ക്കും സൗദിയുടെ പൗര, സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഇരു വിശുദ്ധ പള്ളികളുടെയും തീര്‍ഥാടകരുടെയും സൗദിയുടെ പ്രദേശത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള തങ്ങളുടെ അവകാശം സൗദി വീണ്ടും വ്യക്തമാക്കി.
ഒഐസിയും മുസ്ലിം വേള്‍ഡ് ലീഗും അപലപിച്ചു
ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (OIC) സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ചു. മക്കയെയും മദീന മേഖലയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നിരപരാധികളായ ജനങ്ങളില്‍ ഭയമുണ്ടാക്കുകയും വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത ലംഘിക്കുകയും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നതായി ഒഐസി പറഞ്ഞു. മുസ്ലിം വേള്‍ഡ് ലീഗും ആക്രമണത്തെ അപലപിച്ചു. വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്നത് മതപരവും മാനുഷികവുമായ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്ന് സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ ഈസ പറഞ്ഞു.
സൗദിക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ
ഖത്തര്‍ ആക്രമണശ്രമത്തെ ‘അപലപനീയമായ ആക്രമണ നടപടി’യെന്ന് വിശേഷിപ്പിച്ച് സൗദിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കുവൈത്തും ജോര്‍ദാനും ആക്രമണശ്രമത്തെ അപലപിക്കുകയും സൗദിയുടെ സുരക്ഷാ നടപടികള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഈജിപ്തും ബഹ്റൈനും മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതി നീക്കത്തെ അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഹൂതി ആക്രമണങ്ങളില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ബഹ്റൈന്‍ ആവശ്യപ്പെട്ടു. സൗദി സിവിലിയന്‍ മേഖലയിലേക്കുള്ള ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിനും ഭൗമപരമായ അഖണ്ഡതയ്ക്കുമുള്ള പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചു. മക്കയെ ലക്ഷ്യമിട്ട ശ്രമത്തെ ‘ഭീരുത്വവും പാപകരവുമായ’ നടപടിയെന്ന് വിശേഷിപ്പിച്ച ഷരീഫ്, പ്രാദേശിക സംഘര്‍ഷങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം കാണാനുള്ള ഏക സുസ്ഥിര മാര്‍ഗം സംഭാഷണവും നയതന്ത്രവുമാണെന്നും വ്യക്തമാക്കി.