സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

ഇസ്ഹാഖ് നദ്വി അബുദാബി
മലബാറിന്റെ മണ്ണില്‍ നിന്ന് വളര്‍ന്ന്, അന്താരാഷ്ട്ര ഇസ്ലാമിക വേദികളില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പണ്ഡിത ഗരിമ വിളിച്ചോതിയ യുഗപ്രഭാവനായിരുന്നു ശൈഖുല്‍ ജാമിഅഃ ആലിക്കുട്ടി ഉസ്താദ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ പ്രിന്‍സിപ്പാള്‍, മികച്ച ഇസ്ലാമിക സംഘാടകന്‍, അസൂയാവഹമായ വിനയവും അപാര അറിവും സമ്മേളിച്ച, കുലീനതയും ലാളിത്വവും ഒത്ത് ചേര്‍ന്ന, പൂര്‍വിക സൂരികളെ അനുസ്മരിപ്പിക്കുകയും ഒപ്പം ഒന്ന് കണ്ട ആര്‍ക്കും വീണ്ടും കാണാന്‍ കൊതി തോന്നുന്ന, അടുത്തിരുന്നാല്‍ അല്ലാഹുവിനെ ഓര്‍മിപ്പിക്കുന്ന, ആരെയും ആകര്‍ഷിപ്പിക്കുന്ന ബഹുമുഖ വ്യക്തിത്വം എന്നീ നിലകളിലെല്ലാം അദ്ദേഹം സമൂഹത്തിന് പകര്‍ന്ന് നല്കിയ സേവനങ്ങള്‍ സമാനതകളില്ലാത്തതാണ്. മതസൗഹാര്‍ദ്ദവും തീവ്രതയില്ലാത്ത നിലപാടും കൈമുതലാക്കിയ അദ്ദേഹം, അറിവിന്റെ ലോകത്ത് കേരളീയ പണ്ഡിത പാരമ്പര്യത്തിന്റെ ആഗോള മുഖമായി മാറി. വിവിധ ഭാഷാ നൈപുണ്യത്തിലും കര്മ്മശാസ്ത്രത്തിലും ഹദീസ് അധ്യാപന രംഗത്തും ദീനീ പ്രബോധനത്തിന്റെ കാലിക ശൈലിയിലും അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷത പണ്ഡിത പാമരമന്യേ സര്‍വരാലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അറബി, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ മികച്ച പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം വേള്‍ഡ് ലീഗിന്റെ ഇസ്ലാമിക ഫിഖ്ഹ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ആഗോള അംഗീകാരത്തിന്റെ തെളിവാണ്. ഈജിപ്ത്, ലിബിയ, മൊറോക്കോ, മലേഷ്യ, സൗദി അറേബ്യ തുടങ്ങി ഒട്ടനവധി വിദേശരാജ്യങ്ങളിലെ അന്താരാഷ്ട്ര സെമിനാറുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതും ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ചതും അക്കാദമിക രംഗത്ത് ഏറെ വിലമതിക്കപ്പെട്ടവയാണ്. ആഗോള ഇസ്ലാമിക സംസ്കാരവും ചലനങ്ങളും അടയാളപ്പെടുത്തി അദ്ദേഹം എഴുതിയ മുസ്ലിം ലോക ഡൈജസ്റ്റ് ( മുസ്ലിം ലോകം ഇയര്‍ ബുക്ക്) എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ പരന്ന വായനയും ലോക മുസ്ലിം സമൂഹത്തെ കുറിച്ചുള്ള തിരിച്ചറിവിന്റെയും ഇടപെടലിന്റെയും നേര് സാക്ഷ്യമാണ്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച കാലയളവ് അദ്ദേഹത്തിന്റെ മികച്ച ഭരണസംഘാടക നയതന്ത്ര മികവിന് അടിവരയിടുന്നതായിരുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കാന്‍ സൗദി ഭരണകൂടവുമായി നയതന്ത്രപരമായ ചര്‍ച്ചകള്‍ നടത്തുന്നതില്‍ അദ്ദേഹം വലിയ വിജയം കണ്ടു. കാസര്‍ഗോഡ് സംയുക്ത മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെ കേരളത്തിലെ നൂറുകണക്കിന് മഹല്ലുകളുടെ ഖാളി പദവി അലങ്കരിച്ച അദ്ദേഹം, താഴെത്തട്ടിലുള്ള ജനങ്ങളുമായി എപ്പോഴും ആത്മബന്ധം പുലര്‍ത്തുകയും അവരില്‍ ഒരാളായി മാറിയാണ് ഇസ്ലാമിക ദിശാ ബോധം പകര്‍ന്ന് നല്‍കിയത്. സുപ്രഭാതം ദിനപത്രത്തിന്റെ നേതൃ പദവിയിലിരിന്നും അല്‍ മുഅല്ലിം, സുന്നി അഫ്കാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ സ്ഥാനങ്ങളും പത്ര മാധ്യമരംഗത്തെയും ഒപ്പം ഇസ്ലാമിക ആനുകാലികങ്ങളിലുള്ള അദ്ദേഹത്തിന്റെ സജീവ സാന്നിധ്യത്തെ അടയാളപ്പെടുത്തുകയും സമൂഹത്തോടുള്ള മാധ്യമ ധര്‍മ്മവും നിര്‍വഹിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.
മഹിതമായ സമസ്തയുടെ എളിയ ഖാദിമായി പ്രവര്‍ത്തിച്ച്, കുറഞ്ഞ കാലം കൊണ്ട് അതിന്റെ ധൈഷണിക മുഖമായി മാറുകയും അവസാനം ആ മഹാ പ്രസ്ഥാനത്തിന്റെ അമരത്ത് എത്തിയപ്പോള്‍ വൈജ്ഞാനിക സാമൂഹിക വിദ്യാഭ്യാസ ദീനീ വിപ്ലവത്തിലൂടെ ഒരു സമുദായത്തെ ഉന്നതിയിലേക്ക് നയിക്കാനും കേരളീയ മുസ്ലിം ഉമ്മത്തിന്റെ ഈ മാനും ആദര്‍ശവും സംരക്ഷിക്കുവാനും അദ്ദേഹം മുന്‍പന്തിയില്‍ നിലകൊണ്ടു. ആയിരക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുത്ത ആ വലിയ ഗുരു ലളിതമായ ജീവിതരീതിയിലൂടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടുകളിലൂടെയും എല്ലാവര്ക്കും മാതൃകയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അദ്ദേഹം വിടവാങ്ങുമ്പോള്‍ മുസ്ലിം കേരളത്തിന് നഷ്ടമാകുന്നത് വിനയവും പാണ്ഡിത്യവും ഒത്തുചേര്‍ന്ന അപൂര്‍വ്വ വ്യക്തിത്വത്തെയാണ്. വൈജ്ഞാനിക രംഗത്തും സമുദായ നേതൃത്വത്തിലും ഇസ്ലാമിക മുന്നേറ്റങ്ങളിലും അദ്ദേഹം സൃഷ്ടിച്ച ശൂന്യത എളുപ്പം നികത്താനാകില്ല. എങ്കിലും അദ്ദേഹം പകര്‍ന്നുനല്‍കിയ അറിവിന്റെ വെളിച്ചവും ആഗോളതലത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്ക്ക് നേടിക്കൊടുത്ത അന്തസ്സും മഹത്തായ സമസ്തയുടെ ആദര്‍ശ മൂല്യങ്ങളും വരുംതലമുറകള്‍ക്ക് എന്നും വഴികാട്ടിയായി നിലകൊള്ളും.
