രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം. ജൂലൈ 20ലെ പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതില്‍ എഫ്ഐആര്‍ ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തുന്നത്. പെല്ലറ്റ് തോക്ക് ഉപയോഗിച്ച് പരിക്കേറ്റ 19കാരന് നീതി ആവശ്യപ്പെട്ടാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയത്. പെല്ലറ്റ് വെടിയേറ്റ് കണ്ണിനും വയറിനും പരിക്കേറ്റ സാഹില്‍ ലോചബ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അന്ന് എയിംസ് ട്രോമ സെന്ററില്‍ സാഹിലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. സാഹിലിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലും പിന്നീട് പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലും അദ്ദേഹം പരാതി ഉന്നയിച്ചു.
സാഹില്‍ ഓഗസ്റ്റ് 14ന് അഭിഭാഷകരോടൊപ്പം ഡല്‍ഹി പൊലീസിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും, പരാതിയുടെ സ്വീകരണ രേഖയോ ലഭിച്ചില്ല. ഓഗസ്റ്റ് 17ന് ഇമെയില്‍ വഴിയും ഫോണിലൂടെയും പരാതി പിന്തുടര്ന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും മുദ്രാവാക്യം വിളിച്ചതോടെ ഡല്‍ഹി പൊലീസ് പ്രദേശം ബാരിക്കേഡ് ചെയ്യുകയും സ്റ്റേഷന്റെ ഗേറ്റുകള്‍ അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും ധര്‍ണയില്‍ പങ്കെടുത്തു.