`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

അബുദാബി: ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പകരം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ പ്രതിനിധി സംഘത്തെ നയിക്കും. ശനിയും ഞായറുമായാണ് ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണം ഉറപ്പാക്കുന്നതിനും വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും ബ്രിക്സ് നിര്‍ണായക വേദിയാണെന്ന് യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി വ്യക്തമാക്കി. കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സന്തുലിതവുമായ ആഗോള സാമ്പത്തിക സംവിധാനത്തിനായി രാജ്യം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ പരിവര്‍ത്തനം, നവീകരണം, തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കല്‍, ഭാവി നൈപുണ്യ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രിക്സ് ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ് ടാസ്ക് ഫോഴ്സിന് യുഎഇ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
2021 ഒക്ടോബറില്‍ ബ്രിക്സിന്റെ ന്യൂ ഡെവലപ്മെന്റ് ബാങ്കില്‍ ചേര്‍ന്ന യുഎഇ, 2024 ജനുവരിയിലാണ് സംഘടനയിലെ പൂര്‍ണ അംഗത്വം സ്വന്തമാക്കിയത്. ഉച്ചകോടിക്ക് മുന്നോടിയായി മുംബൈയില്‍ നടന്ന ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ യുഎഇ ധനമന്ത്രാലയത്തിലെ ഉന്നതതല സംഘം പങ്കെടുത്തിരുന്നു. ആഗോള സാമ്പത്തിക മാറ്റങ്ങള്‍ക്കനുസരിച്ച് കാര്യക്ഷമമായ വായ്പാ സാമ്പത്തിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും ബഹുമുഖ പങ്കാളിത്തം ഉറപ്പാക്കുന്നതിനും യുഎഇ സജീവമായി പ്രവര്‍ത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.