ഗ്യാനേഷ് കുമാറിന്റെ പ്രവര്ത്തനം ചോദ്യം ചെയ്ത ഹര്ജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡല്ഹി: ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ പ്രവര്ത്തനരീതിയും വോട്ടര്പട്ടികയിലെ രാജ്യവ്യാപക എസ്ഐആര് നടപടിയും ചോദ്യം ചെയ്ത ഹര്ജി അടുത്തയാഴ്ച പരിഗണിക്കാന് സുപ്രീംകോടതി സമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുക. ഹര്ജിക്കാരനായ രാകേഷ് കുമാര് സിങ്ങിനുവേണ്ടി മുതിര്ന്ന അഭിഭാഷകന് വികാസ് സിങ് അടിയന്തരമായി വാദം കേള്ക്കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ബഹുഅംഗ ഭരണഘടനാ സ്ഥാപനമായിരിക്കെ, തീരുമാനങ്ങള് കൂട്ടായ രീതിയില് എടുത്തിട്ടുണ്ടോയെന്നതില് ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
കഴിഞ്ഞ 10 മാസത്തിനിടെ SIR ഉള്പ്പെടെയുള്ള നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്മാരായ സുഖ്ബീര് സിങ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ രേഖാമൂലം എതിര്പ്പ് ഉന്നയിച്ചെന്ന റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. ചില തീരുമാനങ്ങള് തങ്ങളുടെ അറിവോ ശുപാര്ശയോ ഇല്ലാതെയാണ് എടുത്തതെന്നാണ് അവര് ചൂണ്ടിക്കാട്ടിയതെന്ന് ദി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തു. എന്നാല്, ഈ കത്തുകള് നയപരമായോ ഐ.ടി. വിഭാഗവുമായി ബന്ധപ്പെട്ടതോ ആയ തീരുമാനങ്ങളെക്കുറിച്ചല്ലെന്നും ഡെപ്യൂട്ടേഷനിലുള്ള ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
ഹര്ജിയിലെ പ്രധാന വാദം
ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം തെരഞ്ഞെടുപ്പുകളുടെ മേല്നോട്ടവും നിയന്ത്രണവും ഒരു വ്യക്തിയായ ചീഫ് ഇലക്ഷന് കമ്മീഷണറില് അല്ല, ഇലക്ഷന് കമ്മീഷന് എന്ന സ്ഥാപനത്തിലാണ് നിക്ഷിപ്തമെന്നാണ് ഹര്ജിക്കാരന്റെ വാദം. 2023ലെ Chief Election Commissioner and Other Election Commissioners Atcലെ Section 18 പ്രകാരം കമ്മീഷന് ഏകകണ്ഠമായോ അഭിപ്രായവ്യത്യാസമുണ്ടെങ്കില് ഭൂരിപക്ഷ തീരുമാനത്തിലൂടെയോ പ്രവര്ത്തിക്കണമെന്നാണ് ഹര്ജിയില് ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട്, കമ്മീഷന്റെ കൂട്ടായ അധികാരം വ്യക്തിപരമായി ഉപയോഗിച്ചിട്ടുണ്ടോയെന്നും അത്തരത്തിലുള്ള തീരുമാനങ്ങള് നിയമപരമായി സാധുവാണോയെന്നും പരിശോധിക്കണമെന്ന് ഹര്ജി ആവശ്യപ്പെടുന്നുണ്ട്.
എസ്ഐആര് റദ്ദാക്കണമെന്നും ആവശ്യം
രാജ്യവ്യാപക Special Intensive Revision (SIR) നടപടിയും അതിന്റെ ഭാഗമായി സ്വീകരിച്ച തീരുമാനങ്ങളും നിര്ദേശങ്ങളും നടപടികളും തുടക്കം മുതല് തന്നെ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്ജിയിലെ മറ്റൊരു പ്രധാന ആവശ്യം. എസ്ഐആര് ഭാഗമായി മാത്രം വോട്ടര്പട്ടികയില് പേരുകള് ചേര്ക്കുക, നീക്കം ചെയ്യുക, പുനഃസ്ഥാപിക്കുക, തിരുത്തുക തുടങ്ങിയ നടപടികള്ക്ക് നിയമപരമായ പ്രാബല്യമുണ്ടാകരുതെന്നും ഹര്ജി ആവശ്യപ്പെടുന്നു. അതേസമയം ഭരണഘടന, Representation of the People Act, 1950, Regitsration of Electors Rules, 1960 എന്നിവ പ്രകാരം നിയമാനുസൃതമായി നടത്തുന്ന വോട്ടര്പട്ടിക പരിഷ്കരണങ്ങളെ ഇത് ബാധിക്കരുതെന്നും ഹര്ജിയില് വ്യക്തമാക്കിയിട്ടുണ്ട്.