യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെ ആരോഗ്യനില മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളിയായ പ്രവാസി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷ് (58) ആണ് അന്തരിച്ചത്. ദീര്‍ഘകാലത്തെ ചികിത്സയ്ക്കും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായുള്ള കാത്തിരിപ്പിനും ഒടുവില്‍ ഒക്ടോബര്‍ നാലിനായിരുന്നു മരണം. 32 വര്‍ഷമായി അല്‍ഖര്‍ജിലെ സഹന പ്രദേശത്ത് വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.
ദിവസങ്ങളോളമായി അല്‍ഖര്‍ജിലെ കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജേഷ്. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതോടെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ആവശ്യമായ നടപടികള്‍ ആരംഭിച്ചു. ടിക്കറ്റ്, വീല്‍ചെയര്‍, വിമാനയാത്രയ്ക്കുള്ള അനുമതി എന്നിവയുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് രക്തസമ്മര്‍ദം താഴുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തത്. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില മെച്ചപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയില്‍ യാത്രയ്ക്കുള്ള തുടര്‍നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം സഫലമാകാതെ രാജേഷ് പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിലും പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 29ന് ദമാം വിമാനത്താവളത്തില്‍നിന്ന് ബഹ്റൈന്‍ വഴി തിരുവനന്തപുരത്ത് എത്തിച്ചു. ഒക്ടോബര്‍ 30ന് മൃതദേഹം സംസ്കരിച്ചു.