…എന്ന് നിങ്ങളുടെ സഹോദരന് മുഹമ്മദ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമായ ഇ-മെയില്‍ സന്ദേശമയച്ച് ദുബൈ ഭരണാധികാരി

ദുബൈ: നിക്ഷേപ, ട്രേഡിങ് തട്ടിപ്പുകള്‍ക്കെതിരെ യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രാലയം. പണം കൈമാറുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനോ മുമ്പ് നിക്ഷേപ പ്ലാറ്റ്ഫോമിന്റെ നിയമസാധുതയും ലൈസന്‍സും ഉറപ്പാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
വേഗത്തില്‍ വലിയ ലാഭം നേടാമെന്നും ഉറപ്പായ ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളോട് ജാഗ്രത പാലിക്കണം. ഇത്തരം ഓഫറുകള്‍ പണം തട്ടിയെടുക്കുന്നതിനോ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനോ ലക്ഷ്യമിട്ടുള്ളതാകാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിക്ഷേപം നടത്താന്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്നതും തട്ടിപ്പിന്റെ പ്രധാന സൂചനകളിലൊന്നാണ്. ‘പരിമിത സമയത്തെ ഓഫര്‍’, ‘ഉറപ്പായ ലാഭം’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ വേഗത്തില്‍ പണം കൈമാറാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളോടും പരസ്യങ്ങളോടും ജാഗ്രത വേണം. നിക്ഷേപം നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട യുഎഇ അധികൃതരിലൂടെ സ്ഥാപനത്തിനോ പ്ലാറ്റ്ഫോമിനോ സാധുവായ ലൈസന്‍സ് ഉണ്ടോയെന്ന് സ്വതന്ത്രമായി പരിശോധിക്കണം. നിയമാനുസൃത നിക്ഷേപ പ്ലാറ്റ്ഫോമുകള് ഉറപ്പായ ലാഭം വാഗ്ദാനം ചെയ്യുകയോ അടിയന്തരമായി പണം കൈമാറാന്‍ ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കുകയോ ചെയ്യില്ല.
ബാങ്കിങ് വിവരങ്ങള്‍ നല്‍കരുത്
സ്ഥാപനത്തിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ലാഭം എങ്ങനെ ഉണ്ടാക്കുന്നുവെന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ ജാഗ്രത വേണം. പരിശോധിക്കാത്ത വെബ്സൈറ്റുകള്‍, ലിങ്കുകള്‍, മെസേജുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴി വ്യക്തിഗത, ബാങ്കിങ്, സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെടുന്നതും തട്ടിപ്പിന്റെ സൂചനയായേക്കാം. കമ്പനിയുടെ ലൈസന്‍സോ ഭൗതിക വിലാസമോ ബന്ധപ്പെട്ട യുഎഇ അധികൃതര്‍ വഴി സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിയാത്ത പക്ഷം അത്തരം പ്ലാറ്റ്ഫോമുകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വ്യാജ നിക്ഷേപ പദ്ധതികള്‍ക്കെതിരെ ദുബൈ പൊലീസും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകളില്‍നിന്ന് നിവാസികളെ സംരക്ഷിക്കുന്നതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് യുഎഇ അധികൃതര്‍.