ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ചുവപ്പ് കാര്‍ഡ് ലഭിച്ച യു.എസ് സ്ട്രൈക്കര്‍ ഫോളറിന് ബലോഗണിന് ബെല്‍ജിയത്തിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ കളിക്കാം. ഈ അസാധാരണ തീരുമാനത്തിന് പിന്നില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വാധീനമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്ക് നീക്കിയ ഫിഫയുടെ നടപടിയില്‍ കടുത്ത വിയോജിപ്പും ഞെട്ടലും രേഖപ്പെടുത്തിയിരിക്കുകയാണ് എതിരാളികളായ ബെല്‍ജിയം. ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തില്‍ എതിര് ടീമിലെ പ്രതിരോധ താരത്തെ ഫൗള്‍ ചെയ്തതിനാണ് യു.എസ് സ്ട്രൈക്കര്‍ ഫോളറിന് ബലോഗണിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത്. ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ സ്വാഭാവികമായും അടുത്ത മത്സരത്തില്‍ വിലക്ക് നേരിടേണ്ടതാണ്. എന്നാല്‍ ഈ സസ്പെന്‍ഷനാണ് ഫിഫ അച്ചടക്ക സമിതി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ ബെല്‍ജിയത്തിനെതിരായ നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കളിക്കാന്‍ ബലോഗണിന് ഫിഫയുടെ അനുമതി ലഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയും തമ്മിലുള്ള അടുത്ത ബന്ധമാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മൂന്ന് തവണ ഫിഫയെ ഫോണില്‍ വിളിച്ചതായി ‘ദ് ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ വൈറ്റ് ഹൗസില്‍ നിന്നും ഫിഫ പ്രസിഡന്റുമായി ബന്ധപ്പെട്ടതായി അസോസിയേറ്റഡ് പ്രസും വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു അനീതി തിരുത്തിയതിനും ശരിയായ തീരുമാനമെടുത്തതിനും ഫിഫയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്രംപ് പിന്നീട് പോസ്റ്റിടുകയും ചെയ്തു.
ഫിഫയുടെ അച്ചടക്ക ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 27 പ്രകാരമാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി. ഒത്തുകളി അല്ലാത്ത അച്ചടക്കലംഘനങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് റദ്ദാക്കാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇതേ നിയമപ്രകാരം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ ഇളവ് ലഭിച്ചിരുന്നു. എന്നാല്‍ ബലോഗണിന്റെ ചുവപ്പ് കാര്‍ഡ് രേഖകളില്‍ തുടരുമെന്നും ഒരു വര്‍ഷത്തേക്ക് താരം നിരീക്ഷണത്തിലായിരിക്കുമെന്നും ഫിഫ അറിയിച്ചു. ഈ കാലയളവില്‍ സമാനമായ തെറ്റ് ആവര്‍ത്തിച്ചാല്‍ താരത്തിന് ഒരു മത്സരത്തില്‍ വിലക്ക് നേരിടേണ്ടി വരും. ഫിഫയുടെ തീരുമാനത്തില്‍ റോയല്‍ ബെല്‍ജിയന്‍ ഫുട്ബോള്‍ അസോസിയേഷന് വലിയ ഞെട്ടല്‍ രേഖപ്പെടുത്തി. ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് വരിക എന്നത് സ്വാഭാവിക നടപടിയാണെന്നും, അതിന് വിരുദ്ധമായി സസ്പെന്ഷന് താല്‍ക്കാലികമായി റദ്ദാക്കിയത് ശരിയായ നടപടിയല്ലെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സാധ്യമായ എല്ലാ വഴികളും പരിശോധിക്കുകയാണെന്ന് ബെല്‍ജിയം ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.