`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

ന്യൂഡല്‍ഹി: ദേശീയ ഗാനത്തിന് തുല്യമായ സംരക്ഷണം വന്ദേമാതരത്തിന് നല്‍കിയുള്ള ദേശീയ ബഹുമാന നിയമ ഭേദഗതി ബില്‍ പ്രതിപക്ഷ ബഹളത്തിനിടെ പാസായി. ദേശീയ ഗാനമായ ‘ജനഗണ മന’യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെയും അപമാനിക്കുന്നത് ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിര്‍ണായക ബില്‍ രാജ്യസഭ പാസാക്കി. ‘ദേശീയ ബഹുമാനത്തോടുള്ള അപമാനം തടയല്‍ (ഭേദഗതി) ബില്‍, 2026’ (The Prevention of Insults to National Honour Amendment Bill, 2026) ആണ് പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനും ബഹളത്തിനുമിടയില്‍ ഉപരിസഭ ശബ്ദവോട്ടോടെ പാസാക്കിയത്. വന്ദേമാതരം ആലാപനം മനഃപൂര്‍വം തടസ്സപ്പെടുത്തുകയോ, വന്ദേമാതരത്തെ പരസ്യമായി അപമാനിക്കുകയോ ചെയ്യുന്നത് 3 വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. 1971ലെ ദേശീയ ബഹുമാന സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വന്ദേമാതരത്തെയും നിയമപരമായ സംരക്ഷണ പരിധിയിലേക്ക് കൊണ്ടുവന്നത്. നിലവില്‍ ഭരണഘടന, ദേശീയ പതാക, ദേശീയ ഗാനം എന്നിവക്കാണ് ഈ സംരക്ഷണം ലഭിച്ചിരുന്നത്. ബില്ല് പാസാക്കിയെടുത്തത് നാടകീയ രംഗങ്ങളോടെയാണ്. നീറ്റ് പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടയിലാണ് ബില്‍ ചര്‍ച്ചക്കെടുത്തത്. ഉപചെയര്മാന് ഹരിവംശിന്റെ അധ്യക്ഷതയില്‍ സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭയുടെ നടുക്കളത്തിലിറങ്ങി. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.