സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച വാണിജ്യ കേന്ദ്രമായ ദുബൈയില്‍ കുട്ടികളില്‍ സംരഭകത്വ സര്‍ഗാത്മകത വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യങ് മെര്‍ച്ചന്റ്സ് 2026-കുട്ടികളുടെ വ്യാപാര മേള ശ്രദ്ധേയമായി. ദുബൈ ജിഡിആര്‍എഫ്എ കുട്ടികളുടെ വ്യാപാര മേള യുഎഇ സാമ്പത്തികടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി സന്ദര്‍ശിച്ചു. ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് മന്ത്രിയെ സ്വീകരിച്ചത്. പ്രദര്‍ശനത്തിലെ വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിച്ച മന്ത്രി കുട്ടികള്‍ അവതരിപ്പിച്ച ആശയങ്ങളും ഉല്‍പ്പന്നങ്ങളും നേരിട്ട് വിലയിരുത്തുകയും അവരുമായി സൗഹൃദപരമായി സംവദിക്കുകയും ചെയ്തു. ചെറുപ്രായത്തില്‍ തന്നെ സംരംഭകത്വ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുന്ന കുട്ടികളുടെ ആത്മാര്‍ഥതയും സര്‍ഗാത്മകതയും അദ്ദേഹം അഭിനന്ദിച്ചു. പ്രദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും കുട്ടികളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് പുതുഊര്‍ജം പകരുകയും ചെയ്ത സന്ദര്‍ശനമായിരുന്നുവെന്ന് ജിഡിആര്‍എഫ്എ അധികൃതര്‍ അറിയിച്ചു.
കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ സംരംഭകത്വ ചിന്ത, ബിസിനസ് നൈപുണ്യം, സാമ്പത്തിക അവബോധം, ആത്മവിശ്വാസം എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഡിആര്‍എഫ്എ ദുബൈ ‘യങ് മെര്‍ച്ചന്റ് 2026’ സംഘടിപ്പിക്കുന്നത്. ജിഡിആര്‍എഫ്എ ദുബൈയുടെ ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ കുട്ടികള്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും അവസരമൊരുക്കിയിട്ടുണ്ട്. ഒരു ചെറിയ വിപണിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സജ്ജമാക്കിയ സ്റ്റാളുകളില്‍ കുട്ടികള്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും വിലപേശുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നു. വ്യാപാരത്തിന്റെ അടിസ്ഥാന ഘട്ടങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്നത്.
പരസ്പരം ആശയങ്ങള്‍ കൈമാറാനും ഉപഭോക്താക്കളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും സൗഹൃദപരമായ മത്സരത്തിലൂടെ ബിസിനസ് ലോകത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കാനുമുള്ള അവസരവും ഈ മേള ഒരുക്കുന്നു. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം യഥാര്‍ഥ ജീവിതാനുഭവങ്ങളിലൂടെ പഠിക്കാനുള്ള വേദിയായാണ് ‘യങ് മെര്‍ച്ചന്റ് 2026’ ശ്രദ്ധ നേടുന്നത്. യുവതലമുറയിലെ കഴിവുകളെ കണ്ടെത്തി അവരെ ഭാവിയിലെ നവീന സംരംഭകരായി വളര്‍ത്തുകയെന്ന ദുബൈ സര്‍ക്കാരിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നത്തെ ഈ കുഞ്ഞു സംരംഭകര്‍ നാളെയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുന്ന വ്യവസായികളായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകരായും മാറുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നിലുള്ളത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ സംരംഭക സംസ്കാരം ബാല്യത്തില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം, ദുബൈ യുവതലമുറയെ ശാക്തീകരിക്കുന്നതിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായും വിലയിരുത്തപ്പെടുന്നു.