എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

പെരുമ്പാവൂരില്‍ ഇന്ന് തൂഫാന് ജാഗരണ്‍ മഹാറാലിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്’ പദ്ധതിക്ക് ഒരു മാസം പൂര്‍ത്തിയായപ്പോള്‍ 30 കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഈ കാലയളവില്‍ 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5,736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനകളില്‍ 3,706.743 ഗ്രാം എംഡിഎംഎ, 392.100 കിലോ കഞ്ചാവ്, 3,776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍എസ്ഡി സ്റ്റാംപുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്, 3,294 കഞ്ചാവ് ബീഡികള്‍ എന്നിവ ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. വരും മാസങ്ങളിലും ഈ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ശ്രദ്ധേയമായ നിരവധി നടപടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത്. ജൂണ്‍ 24ന് എറണാകുളത്ത് 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതും, ഡല്‍ഹിയിലും കര്‍ണാടകയിലും നിന്ന് പ്രവര്‍ത്തിച്ചിരുന്ന നൈജീരിയന്‍ സ്വദേശികളായ രാജ്യാന്തര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും പ്രധാന നേട്ടങ്ങളിലൊന്നാണ്. മലപ്പുറത്ത് 26 ലക്ഷം രൂപയുടെ എംഡിഎംഎ വേട്ടയും കാസര്‍കോട്ടെ പുകയില നിര്‍മാണ കേന്ദ്രം തകര്‍ത്തു 15,000 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതും ശ്രദ്ധേയമായി.
ജൂണ്‍ 27ന് രാത്രി നടത്തിയ ‘തൂഫാന് സ്ട്രൈക്ക്’ പ്രത്യേക പരിശോധനയില്‍ മാത്രം 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 806 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്കൂള്‍, കോളജ് പരിസരങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയതോടെ ലഹരി വില്‍പ്പനയിലും വിതരണത്തിലും ഗണ്യമായ കുറവ് ഉണ്ടായതായി പോലീസ് വിലയിരുത്തുന്നു. ലഹരിമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്താനും വ്യാപനം തടയാനുമായി ആഭ്യന്തര വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര ഏജന്‍സികളുമായി പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ‘ടി-ഇന്റ്’ എന്ന പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ഡ്രോണ്‍, സൈബര്‍ നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനമായി. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതിനകം 6,005 ബോധവല്‍ക്കരണ ക്ലാസുകളും 279 കൗണ്‍സിലിങ് പരിപാടികളും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തില്‍ നിന്ന് മോചനം നേടുന്നതിനായി 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും സ്കൂള്‍-കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വിവിധ അവബോധ പരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ഓപ്പറേഷന് തൂഫാന് ഒരു മാസം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ ഇന്ന് ആഭ്യന്തരമന്ത്രി നയിക്കുന്ന മഹാറാലി പെരുമ്പാവൂരില്‍ നടക്കും. ജനകീയ ബോധവല്‍ക്കരണ ക്യാമ്പയിനായ ‘തൂഫാന് ജാഗരണ്‍’ പെരുമ്പാവൂരില്‍ ആരംഭിക്കുന്നത്. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നില്‍പ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തുന്നത്. പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ ബഹുജന റാലി രമേശ് ചെന്നിത്തല നയിക്കും. തുടര്‍ന്ന് നഗര മധ്യത്തില്‍ തൂഫാന് പതാക ഉയര്‍ത്തും. ഫാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ വ്യാപാരി- വ്യവസായികള്‍, സാമുദായിക, സാമൂഹിക നേതാക്കള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി മുഖാമുഖം. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് ഭായ് കോളനി എന്നറിയപ്പെടുന്ന കണ്ടന്തറയില് മന്ത്രി എത്തി തദ്ദേശ വാസികളോടും അതിഥി തൊഴിലാളികളോടും കൂടിക്കാഴ്ച നടത്തും. അതിഥി തൊഴിലാളികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കും.