സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

മുംബൈ: ഭരണകൂട തീരുമാനങ്ങള്‍ക്കെതിരെ പൗരന്മാര്ക്ക് എന്തുകൊണ്ട് പ്രതിഷേധിച്ചുകൂടാ…കേസുകള്‍ ചുമത്തി അവരെ അടിമകളാക്കുകയാണോ…അവരെ നാടുകടത്തുകയോ? ഒരു കേസില്‍ മുംബൈ ഹൈക്കോടതിയുടെ ചോദ്യങ്ങളാണിത്. രാഷ്ട്രീയ പ്രവര്‍ത്തകനായ സയീദ് അഹമ്മദ് അബ്ദുള്‍ വാഹിദ് ചൗധരിക്കെതിരെയുള്ള ഒരു വര്‍ഷത്തെ നാടുകടത്തല്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. മുംബൈ പോലീസിന്റെ നടപടി ദുരുദ്ദേശ്യപരവും നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസ് മാധവ് ജെ. ജാംദാര്‍ വിമര്‍ശിച്ചു. കൂടാതെ, പോലീസ് പൊതുജനങ്ങളുടെ സേവകരാണെന്നും അല്ലാതെ ഭരണാധികാരികളുടെ അടിമകളല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ‘ചില തീരുമാനങ്ങള്‍ക്കെതിരെ’ മാര്‍ച്ചോ പ്രതിഷേധമോ സംഘടിപ്പിക്കുന്നത് ഒരാളെ നാടുകടത്താനുള്ള അടിസ്ഥാനമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് വ്യക്തിയുടെ മൗലികാവകാശങ്ങളെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. സയീദ് അഹമ്മദ് അബ്ദുള്‍ വാഹിദ് ചൗധരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് മാധവ് ജെ. ജാംദാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ തീരുമാനങ്ങളെ എതിര്‍ക്കുന്നതിന്റെ പേരില്‍ കേസുകള്‍ ചുമത്തി പൗരന്മാരെ ‘സര്‍ക്കാരിന്റെ അടിമകളാക്കുകയാണോ’ എന്ന് അദ്ദേഹം പോലീസിനോട് ചോദിച്ചു. പൗരന്മാര്ക്ക് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങള്‍ അനുസരിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനും അന്തസ്സോടെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
നാടുകടത്തല്‍ എന്നത് ഒരു അസാധാരണ നടപടിയാണ്. ഇത് ഇന്ത്യയിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പൗരന്റെ മൗലികാവകാശത്തെ ഇല്ലാതാക്കുന്നു. 2025 ഡിസംബര്‍ 3-ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഒരു വര്‍ഷത്തെ നാടുകടത്തല്‍ ഉത്തരവിനെയാണ് ചൗധരി ചോദ്യം ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ബാബറി മസ്ജിദ് വിഷയം, ജ്ഞാന്‍വാപി മസ്ജിദ് സീലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് 2019-നും 2024-നും ഇടയില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ പേരിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. മുംബൈ പോലീസിന്റെ നടപടി ദുരുദ്ദേശ്യപരമാണെന്ന് വിശേഷിപ്പിച്ച കോടതി, മുന്‍കാല സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നാടുകടത്തല്‍ ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കി.