സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: എയര്‍ ടാക്സികള്‍ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സ്റ്റേഷനൊരുക്കി ദുബൈ. ലോകത്തിലെ ആദ്യത്തെ വാണിജ്യ എയര്‍ ടാക്സി വെര്‍ട്ടിപോര്‍ട്ടിന് (vertiport) ഔദ്യോഗികമായി യുഎഇ അനുമതി നല്കി. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം സ്ഥിതി ചെയ്യുന്ന VDX ഫെസിലിറ്റിക്ക് ആണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (GCAA) ഈ ചരിത്രപരമായ അംഗീകാരം നല്‍കിയത്. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVTOL) വിമാനങ്ങളുടെ വാണിജ്യ സര്‍വീസുകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ വെര്ട്ടിപോര്ട്ടാണിത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തായിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നാല് നിലകളിലായി ഏകദേശം 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഇത് വ്യാപിച്ചുകിടക്കുന്നു. പ്രതിവര്‍ഷം 170,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഈ കേന്ദ്രത്തിന് സാധിക്കും. വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനും ടേക്ക്ഓഫ് ചെയ്യാനുമായി രണ്ട് പ്രത്യേക പാഡുകള്‍, അതിവേഗ ചാര്‍ജിംഗ് സംവിധാനങ്ങള്‍, യാത്രക്കാര്‍ക്കായുള്ള ടെര്‍മിനല്‍ എന്നിവ ഇവിടെയുണ്ട്. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (RTA) സഹകരിച്ച് നിര്‍മ്മിക്കുന്ന എയര്‍ ടാക്സി ശൃംഖലയുടെ പ്രധാന ഹബ്ബായിരിക്കും ഇത്. ഇതിന് പുറമെ മറ്റ് മൂന്ന് വെര്‍ട്ടിപോര്‍ട്ടുകള്‍ കൂടി നിലവില്‍ വികസിപ്പിച്ചുവരുന്നുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വെര്‍ട്ടിപോര്‍ട്ടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രവര്‍ത്തന രീതികള്‍, അടിയന്തിര ഘട്ടങ്ങളിലെ തയ്യാറെടുപ്പുകള്‍, സുരക്ഷാ മാനേജ്മെന്റ് സിസ്റ്റം എന്നിവയെല്ലാം സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് GCAA ഈ അനുമതി നല്‍കിയത്. യുഎഇയുടെ ‘We the UAE 2031’ പദ്ധതിക്കും ദുബൈ ഇക്കണോമിക് അജണ്ട D33 നും പിന്തുണ നല്‍കുന്നതാണ് ഈ പുതിയ കാല്‍വെപ്പ്.
