സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ 2026 സെപ്റ്റംബര്‍ മധ്യത്തോടെ താല്‍ക്കാലികമായി അടയ്ക്കും. മ്യൂസിയം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രദര്‍ശന നവീകരണത്തിനായാണ് ഈ തീരുമാനം. മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുമാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ആളുകള്‍ പങ്കുവെച്ച ആശയങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി പൂര്‍ണമായും പുതിയ തലമുറയിലെ ഇമ്മേഴ്സീവ് അനുഭവങ്ങളാണ് ഒരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2026 സെപ്റ്റംബര്‍ മധ്യം വരെ സന്ദര്‍ശകര്‍ക്ക് നിലവിലുള്ള എല്ലാ പ്രദര്‍ശനങ്ങളും കാണാന്‍ അവസരമുണ്ടാകും. അതിനുശേഷം മ്യൂസിയത്തിന്റെ അടുത്ത വികസനഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്ഥിരമായ പ്രദര്‍ശനങ്ങള്‍ നിലനിര്‍ത്തുന്നതിന് പകരം, പുതിയ സാങ്കേതികവിദ്യകള്‍, ശാസ്ത്ര പുരോഗതികള്‍, ലോകം നേരിടുന്ന പുതിയ വെല്ലുവിളികള്‍ എന്നിവയ്ക്ക് അനുസരിച്ച് പ്രദര്‍ശനങ്ങള്‍ തുടര്‍ച്ചയായി പുതുക്കുക എന്ന ആശയത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ ഗാലറികള്‍ മാറ്റി പുതിയ ഇന്ററാക്ടീവ് അനുഭവങ്ങള്‍ ഒരുക്കും. 2022 ഫെബ്രുവരിയില്‍ തുറന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, കൃത്രിമ ബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയ അത്യാധുനിക പ്രദര്‍ശനങ്ങളിലൂടെ ലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ദുബൈയിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുകയും ചെയ്തു. പുതിയ പ്രദര്‍ശനങ്ങളുടെയും അനുഭവങ്ങളുടെയും വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് മ്യൂസിയം അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം 2027ലെ ആദ്യ പാദത്തില്‍ മ്യൂസിയം വീണ്ടും തുറക്കും.