സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അല്‍ഐന്‍: യുഎഇയുടെ പ്രാചീന ചരിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുന്ന പ്രാചീന വെങ്കലയുഗ കാലഘട്ടത്തിലെ ഒരു ശവകുടീരം അല്‍ ഐനില്‍ കണ്ടെത്തി. ഇതിന് ക്രിസ്തുവിന് മുമ്പ് ഏകദേശം 1300 മുതല്‍ 2000 വരെ പഴക്കമുണ്ടെന്ന്് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. യഥാര്‍ത്ഥ കാലനിര്ണയത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ തുടരുന്നു. ഈ കണ്ടെത്തല്‍ അറേബ്യന്‍ ഉപദ്വീപിലെ പുരാതന സമൂഹങ്ങളുടെ ജീവിതരീതികളും സംസ്കാരവും മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്ലാം പൂര്‍വകാലത്തെ കത്താറ നെക്രോപൊളിസില് (Qattarah Necropolis) നടത്തിയ പുരാവസ്തു ഗവേഷണത്തിനിടെയാണ് ശവകുടീരം കണ്ടെത്തിയത്. ഇത് പ്രദേശത്തിന്റെ പുരാതന ചരിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണ നല്കുന്നു. വാദി സൂഖ് (Wadi Suq) കാലഘട്ടത്തിലും ലേറ്റ് ബ്രോണ്‍സ് ഏജ് കാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന ഈ ശവകുടീരം യുഎഇയുടെ സമ്പന്നമായ ചരിത്രത്തിന്റെ ആദ്യകാല അധ്യായങ്ങളിലേക്കുള്ള അപൂര്‍വമായ ഒരു ജനാലയാണെന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ശവകുടീരത്തിന്റെ അളവ് 11 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമാണ്. ഇത് കൂട്ട ശവസംസ്കാര കേന്ദ്രമായി കുറഞ്ഞത് 1,000 വര്‍ഷത്തോളം ഉപയോഗിച്ചിരുന്നു. വാദി സൂഖ് കാലഘട്ടം മുതല്‍ ഇരുമ്പുകാലം (Iron Age)വരെ ഇവിടെ സംസ്കാര ചടങ്ങുകള്‍ നടന്നിരുന്നു. ശവകുടീരത്തിന്റെ പ്രവേശന കവാടം കിഴക്കോട്ടാണ്. ഉദയസൂര്യന്റെ പ്രകാശം അകത്തേക്ക് പ്രവേശിക്കുന്ന രീതിയിലായിരിക്കാം ഇത് രൂപകല്‍പ്പന ചെയ്തതെന്ന് ഗവേഷകര്‍ കരുതുന്നു. മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍, വ്യക്തിഗത ആഭരണങ്ങള്‍ എന്നിവ ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. ഈ പുരാവസ്തുക്കള്‍ ഭാവിയില്‍ അബുദാബിയിലെ മ്യൂസിയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ ഐന്‍ യുഎഇയിലെ ആദ്യ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി അംഗീകാരം നേടിയിരുന്നു. 2011 ജൂണ്‍ 27ന് ഹഫീത് (Hafeet), ഹിലി (Hili), ബിദാ ബിന്റ് സൗദ് (Bidaa Bint Saud), അല്‍ ഐനിലെ മരുപ്പച്ച പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവിടങ്ങളിലെ വെങ്കലയുഗ ശവകുടീരങ്ങളും പുരാതന ജലസേചന സംവിധാനങ്ങളും ലോകപ്രശസ്തമാണ്.