സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അബുദാബി: യുഎഇയുടെ പ്രാചീന ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും സമകാലിക കലാരൂപവുമായി ബന്ധിപ്പിച്ച ‘Everyday Artifacts’ എന്ന സൃഷ്ടിയിലൂടെ കലാകാരികളായ നൂറ ജാബിറും മുഫിദ മുഹ്യുദ്ദീനും ഈ വര്‍ഷത്തെ ക്രിസ്റ്റോ ആന്റ് ജെന്നി ക്ലോഡ് അവാര്‍ഡ് (Christo and Jeanne-Claude Award) കരസ്ഥമാക്കി. നൂറ മലയാളിയും മുഫിദ തമിഴ്നാട്ടുകാരിയുമാണ്. ഉമ്മുല്‍ ഖുവൈനും ഷാര്‍ജയും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ ടെല്‍ അബ്രാഖ് (Tell Abraq) പുരാവസ്തു കേന്ദ്രത്തില്‍ കണ്ടെത്തിയ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള മത്സ്യബന്ധന കൊളുത്തുകളില്‍ നിന്നാണ് ഈ ഇന്സ്റ്റലേഷന് പ്രചോദനം ഉള്‍ക്കൊണ്ടത്. യുഎഇയിലെ ആദ്യകാല സമൂഹങ്ങളുടെ ജീവിതരീതിയും കടലുമായുള്ള അവരുടെ ബന്ധവും ആവിഷ്കരിക്കുകയാണ് സൃഷ്ടിയുടെ ലക്ഷ്യം. അവാര്‍ഡിനര്‍ഹമായ ഇന്സ്റ്റലേഷന് ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ Abu Dhabi art, NYU Abu Dhabi, Umm Al Emarat Park എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
യുഎഇയുടെ പുരാവസ്തു പൈതൃകത്തെ പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന സൃഷ്ടിയാണ് എവരിഡേ ആര്‍ട്ടിഫാക്ട്സ് എന്ന് അബുദാബി മ്യൂസിക് ആന്റ് ആര്‍ട്സ് ഫൗണ്ടേഷന് സ്ഥാപകയും അബുദാബി ഫെസ്റ്റിവല്‍ കലാസംവിധായകയുമായ ഹുദ അല്‍ഖാമിസ് അഭിപ്രായപ്പെട്ടു. പുരാതന മത്സ്യബന്ധന ഉപകരണങ്ങളിലൂടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ജീവിതരീതികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സൃഷ്ടി, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും നമ്മുടെ പൂര്‍വികരുടെ ജീവിതസാക്ഷികളായ സാധാരണ ഉപകരണങ്ങളുടെ പ്രാധാന്യത്തെയും ഓര്‍മ്മപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. 2024-ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി അബുദാബിയില്‍ നിന്ന് ബിരുദം നേടിയ നൂറ ജാബിര്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ ഡോ.ജാബിര്‍-ഹസ്ന ദമ്പതികളുടെ പുത്രിയാണ്. ഷാര്‍ജ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ തമിഴ്നാട് സ്വദേശിയായ മുഫിദ മുഹ്യുദ്ദീന്‍ പുരാവസ്തുശാസ്ത്രം, ഭൗതിക സംസ്കാരം, സമൂഹവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എന്നിവയെ ആസ്പദമാക്കിയുള്ള ഗവേഷണാത്മക കലാസൃഷ്ടികളിലൂടെയാണ് ശ്രദ്ധ നേടിയത്. 2013 മുതല്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന Christo and Jeanne-Claude Award യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സമീപകാലത്ത് ബിരുദം നേടിയ യുവ കലാകാരന്മാര്ക്കുമായി ഒരുക്കിയതാണ്. വിജയികള്‍ക്ക് പുതിയ പൊതുകലാസൃഷ്ടി വികസിപ്പിക്കാനും നിര്‍മ്മിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള സമഗ്ര പിന്തുണയാണ് ഈ പുരസ്കാരത്തിലൂടെ ലഭിക്കുന്നത്. ജേതാക്കള്‍ക്ക് 10,000 ഡോളര്‍ പ്രൊഡക്ഷന്‍ ബജറ്റായി ലഭിക്കും.