സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കാന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പോലീസിനെ വിളിച്ചതായി രാഹുല്‍ഗാന്ധി. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാര്‍ലമെന്റില്‍ വെച്ച് കണ്ടതായും പൊലീസ് അതിക്രമത്തിന് ഉത്തരവാദി അമിത്ഷാ ആണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. പോലീസ് സേനയുടെ ഇത്തരം നടപടികള്‍ക്ക് മറുപടി പറയേണ്ടതും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും ആഭ്യന്തര മന്ത്രിയാണ്. അമിത്ഷാക്കെതിരായ പരാമര്‍ശത്തില്‍ ഒരിക്കലും ബിജെപി-ആര്‍എസ്എസിനോട് മാപ്പ് പറയില്ലെന്നും, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കുട്ടികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല. രാജ്നാഥ് സിങിനെയും കിരണ്‍ റിജിജുവിനേയും നിരവധി തവണ സംസാരിക്കാന്‍ അനുവദിച്ചു. നിരവധി തവണ സ്പീക്കറോട് അഭ്യര്‍ഥിച്ചു. അമിത് ഷായ്ക്ക് എതിരെ പറഞ്ഞത് കൊണ്ടാണ് സംസാരിക്കാന്‍ അനുവദിക്കാതെയിരുന്നത്. മാപ്പ് പറഞ്ഞാല്‍ സംസാരിക്കാന്‍ അനുവദിക്കാം എന്ന് പറഞ്ഞു. പക്ഷേ, ബിജെപിയോടോ ആര്‍എസ്എസിനോടോ ഞാന്‍ ഒരിക്കലും മാപ്പ് പറയില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ നടപടിയാണ് രാജ്യത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നും പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കുനേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ച് വെടിവെച്ചെന്നും ഒരു വിദ്യാര്‍ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കണം. അത് ഞങ്ങള്‍ ഉറപ്പാക്കും. കുറ്റക്കാര്‍ക്ക് എതിരെ നടപടി ഉറപ്പാക്കും. ഏതൊക്കെ പൊലീസ്കാരാണ് അതിക്രമം നടത്തിയെന്ന് നമുക്ക് കൃത്യമായി അറിയാം. ഈ പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഉന്നതതല സമിതി അന്വേഷണവേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അമിത് ഷായുടെ നീക്കങ്ങള്‍ തനിക്ക് അറിയാം. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് നിശബ്ദമായി നടപടിയെടുക്കുന്ന രീതിയാണ് കേന്ദ്രം സ്വീകരിച്ചു വരുന്നത്. അമിത് ഷായെ രാജ്യത്തിന്റെ നായകനായും നരേന്ദ്ര മോദിയേ ദൈവമായും പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ആ പ്രചരണത്തിനായി കോടികള്‍ ചെലവഴിക്കുന്നു. കൂടാതെ മോദി ജെന്‍സി ആകാന്‍ ശ്രമിക്കുന്നു. ഒരു രാത്രി കൊണ്ട് സെല്‍ഫി വീഡിയോ ഇട്ടാല്‍ ജെന്‍ സി വിദ്യാര്‍ഥികളോട് സംവദിക്കാം എന്നാണ് പ്രധാനമന്ത്രി വിചാരിക്കുന്നത്. ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനമുണ്ട്. അവരുടെ മാതാപിതാക്കള്‍ക്ക് ഇല്ലാതെ പോയ ധൈര്യം അവര്‍ക്ക് ഉണ്ട്. സമീപഭാവിയില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള വെടിവെപ്പില്‍ അമിത്ഷാ മറുപടി പറയേണ്ടിവരും. അമിത് ഷാ രാജിവെക്കുന്നതു വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.