സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അജ്മാന്: ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി അജ്മാന് വനിതാ-ശിശു ആശുപത്രിക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിചരണ രംഗത്തെ മികവിന് ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓണ്‍ ഹെല്‍ത്ത്കെയര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം ലഭിച്ചു.
പ്രസവസ്ത്രീരോഗ ചികിത്സയും ശിശുരോഗ ചികിത്സയുമാണ് ഈ അംഗീകാരം ലഭിച്ച പ്രധാന വിഭാഗങ്ങള്‍. ഈ അംഗീകാരം, അജ്മാനും വടക്കന്‍ എമിറേറ്റുകളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള, രോഗികേന്ദ്രീകൃത ആരോഗ്യസേവനങ്ങള്‍ നല്‍കാനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ആശുപത്രി പ്രതിവര്‍ഷം 1,326ലധികം രോഗികള്‍ക്ക് സേവനം നല്‍കുന്നുണ്ട്. പ്രസവപരിചരണവും ഹൈറിസ്ക് ഗര്‍ഭധാരണ പരിചരണവും, സ്ത്രീകളുടെ ആരോഗ്യപരിശോധനയും വന്ധ്യതാ വിലയിരുത്തലും, നവജാത ശിശു ചികിത്സ, ശിശുരോഗ ചികിത്സ, കുട്ടികള്‍ക്കായുള്ള അടിയന്തര ചികിത്സയും തീവ്രപരിചരണവും, കുട്ടികള്‍ക്കുള്ള ശസ്ത്രക്രിയ, എന്‍ഡോക്രൈനോളജി (ഹോര്‍മോണ്‍ രോഗങ്ങള്‍), ന്യൂറോളജി, ഗ്യാസ്ട്രോഎന്ററോളജി, കാര്‍ഡിയോളജി എന്നീ സേവനങ്ങളാണ് ഇവിടെ നല്‍കുന്നത്. 2025ല്‍ ആശുപത്രിയില്‍ 2,216 പ്രസവങ്ങളും ഹൈറിസ്ക് ഗര്‍ഭധാരണ കേസുകളും കൈകാര്യം ചെയ്തു. 34,078 കുട്ടികളുടെ അടിയന്തര ചികിത്സാ സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ചികിത്സാ നടപടിക്രമങ്ങളുടെ മെച്ചപ്പെടുത്തല്‍, ശക്തമായ ക്ലിനിക്കല്‍ ഗവര്ണന്സ് സംവിധാനം, പ്രകടന സൂചികകളുടെ വികസനം, പതിവ് ആഭ്യന്തര ഓഡിറ്റുകള്‍, രോഗികളുടെ ചികിത്സാഫലങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തല്‍, ആശുപത്രി അധികൃതരുടെ പ്രതികരണം എന്നിവയിലെ മികവാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഖമീസ് അല്‍ മന്‍സൂരി പറഞ്ഞു: ‘ഈ അംഗീകാരം ഗുണനിലവാരത്തോടും രോഗികളുടെ സുരക്ഷയോടും രോഗികേന്ദ്രീകൃത പരിചരണത്തോടുമുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ്. മാതാക്കള്‍ക്കും നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കുന്നത് ഞങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കും.’ വനിതാശിശു ആശുപത്രിയില്‍ 57 ഡോക്ടര്‍മാരും 155 നഴ്സുമാരും മറ്റ് ആരോഗ്യവിദഗ്ധരും ഭരണവിഭാഗം ജീവനക്കാരും ചേര്‍ന്നാണ് സേവനങ്ങള്‍ നല്‍കുന്നത്.