സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

‘കള്ളന് വിജയന്’ ലേഖന വിവാദത്തില്‍ നടപടിയുമായി ദേശാഭിമാനി. വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്.അജയന് രാജിവെയ്ക്കുയോ അവധിയില്‍ പോവുകയോ ചെയ്യാന്‍ ചീഫ് എഡിറ്റര്‍ നിര്‍ദേശം നല്കി. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ ആര് അജയന് വ്യക്തമാക്കി. വി എസ് അച്യുതാനന്ദന്റെ അനുസ്മരണ ലേഖനങ്ങളുള്ള വാരാന്തപ്പതിപ്പിന്റെ അവസാന പേജില്‍ ‘കള്ളന് വിജയന് ‘ എന്ന പേരോടെ നാടക പ്രവര്‍ത്തകനെക്കുറിച്ചുള്ള ലേഖനം അച്ചടിച്ചിരുന്നു. തലക്കെട്ട് വിവാദമുണ്ടാക്കുമെന്ന് വന്നതോടെ അതൊഴിവാക്കി വാരാന്തപ്പതിപ്പ് പുറത്തിറക്കിയതുമായിരുന്നു വിവാദങ്ങളുടെ തുടക്കം. ഈ സംഭവം പുറംലോകമറിഞ്ഞതോടെ വാരാന്തപ്പതിപ്പിന്റെ ചുമതലയുളള ന്യൂസ് എഡിറ്റര്‍ കെ.ആര്.അജയനോട് ദേശാഭിമാനി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ‘കള്ളന് വിജയന്’ എന്ന ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ലെന്നും, ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് നല്‍കിയെന്നുമാണ് കെ.ആര് അജയന്റെ വിശദീകരണം. ഇത് പാടെ തള്ളിയാണ് വാരാന്തപ്പതിപ്പ് ചുമതലയില്‍ നിന്നും കെ.ആര് അജയനെ മാറ്റിയത്. ടി.ചന്ദ്ര മോഹനാണ് പകരം ചുമതല നല്‍കിയിരുന്നത്.
തിരുവനന്തപുരം മുത്തിപ്പാറ സ്വദേശിയും നാടക പ്രവര്‍ത്തകനുമായ വിജയന്റെ ജീവിതമാണ് ലേഖനത്തിന്റെ ഉള്ളടക്കം. കള്ളന് വിജയന് ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി ഒ എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ദേശാഭിമാനി വാരാന്ത്യ പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിക്കാത്തത് നേരത്തെ വിവാദമായിരുന്നു. തലക്കെട്ട് വിവാദമായതോടെ ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചിരുന്നു. ഒന്നാം പേജില്‍ വി.എസ്. അനുസ്മരണവും, പിന്‍പേജില്‍ വലിയ അക്ഷരത്തില്‍ ‘കള്ളന് വിജയന്’ എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയ എതിരാളികളും ട്രോളന്മാരും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇടയാക്കുമെന്ന എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ആശങ്കയായിരുന്നു നടപടിക്ക് പിന്നില്‍. പിന്നീട് ഞായറാഴ്ച പ്രസിദ്ധീകരിക്കേണ്ട വാരാന്തപ്പതിപ്പ് തിങ്കളാഴ്ച ഇറക്കിയെങ്കിലും ലേഖനം പൂര്‍ണമായും ഒഴിവാക്കിയിരുന്നു.