സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

മുഖ്യമന്ത്രി വിഡി സതീശനെ ഏതുവിധേനെയും തേജോവധം ചെയ്യാമെന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങള്‍ പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ശ്രമം പാഴായെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ട്രോളിന്റെ പൂരമായി മാറി. ‘Buy Me a Coffee’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗാണ് തിരുത്താന്‍ കഴിയാത്ത വിധം പിഴവായി മാറിയത്. ഇത് വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്ന Buy Me a Coffee എന്ന ആഗോള ഡിജിറ്റല്‍ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമിനെ ഒരു സാധാരണ ‘കാപ്പിക്കട’യായി തെറ്റിദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രളയ കാലത്ത് മുഖ്യമന്ത്രി കാപ്പിക്കട ഉദ്ഘാടനം ചെയ്യാനെത്തി എന്ന രീതിയില്‍ പരിഹസിച്ചായിരുന്നു വാര്‍ത്ത.
കേരളത്തില്‍ നിന്നുള്ള സഹോദരങ്ങളായ ജിജോ സണ്ണിയും ജോസഫ് സണ്ണിയും സ്ഥാപിച്ച ഈ സ്ഥാപനം ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ആരാധകരില്‍ നിന്ന് സാമ്പത്തിക പിന്തുണ സ്വീകരിക്കാന്‍ സഹായിക്കുന്ന പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്. Y Combinatorന്റെ പിന്തുണ ലഭിച്ച ഈ കമ്പനിക്ക് നൂറുകോടികളുടെ മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മനസ്സിലാക്കാതെയാണ് വിഡി സതീശനെതിരെ വിമര്‍ശനത്തിന്റെ അമ്പെയ്ത്ത്. കമ്പനിയുടെ പ്രവര്‍ത്തനമേഖല പരിശോധിക്കാതെയാണ് ചില മാധ്യമങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ ഒരു ‘കാപ്പിക്കട ഉദ്ഘാടനം ചെയ്യാന്‍’ എത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്. ഇതോടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വന്‍ പരിഹാസത്തിന് ഇടയാക്കി. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രളയമായി. റിപ്പോര്‍ട്ടുകള്‍ വൈറലായതോടെ ട്രോള്‍ പേജുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. ‘മെനു ചോദിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍’, ‘ഹോട്ട് ഡോഗ് ഓര്‍ഡര്‍ ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍’ തുടങ്ങിയ മീമുകള്‍ വ്യാപകമായി പ്രചരിച്ചു. ബൈ മി എ കോഫി-വിവാദം ശക്തമായതോടെ സ്ഥാപകരിലൊരാളായ ജിജോ സണ്ണി വീഡിയോയിലൂടെ പ്രതികരിച്ചു. തന്റെ സ്ഥാപനം ഒരു കാപ്പിക്കടയല്ലെന്നും ലോകമെമ്പാടുമുള്ള ക്രിയേറ്റര്‍മാര്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ അടിസ്ഥാനപരമായ വസ്തുത പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.ഡി. സതീശനും വിഷയത്തില്‍ പ്രതികരിച്ചു. ഒരു സോഫ്റ്റ്വെയര് കമ്പനിയെ കാപ്പിക്കടയായി തെറ്റിദ്ധരിച്ചത് മാധ്യമങ്ങളുടെ അറിവില്ലായ്മയാണ് വെളിപ്പെടുത്തുന്നതെന്ന് പരിഹസിച്ചു. ഈ സംഭവം കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തെയും വസ്തുത പരിശോധനയുടെ ആവശ്യകതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം ജോണും രംഗത്തെത്തി. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തുവെന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘ബൈ മീ എ കോഫി’ എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ‘ബൈ മീ എ കോഫി’ സംരംഭം ‘കാപ്പിക്കട’യല്ലെന്നും കോഴിക്കോട് കക്കോടി സ്വദേശികളായ ജിജോ, ജോസഫ് എന്നീ ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടക്കമിട്ട ക്രൗഡ് ഫണ്ടിങ് സ്റ്റാര്‍ട്ടപ്പാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. പറയുന്ന വിഷയം എന്താണെന്ന് ചുരുങ്ങിയത് ഒന്ന് ‘ഗൂഗിള്‍’ ചെയ്തു നോക്കാനുള്ള ഒരു സൗമനസ്യം എങ്കിലും നമ്മുടെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ കാണിക്കേണ്ടതുണ്ടെന്ന വിമര്‍ശനവും ശക്തമാണ്. 20 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം സമൂഹമാധ്യമങ്ങളിലെ വരുമാനം ക്ലെയിം ചെയ്യാനുള്ള ആപ്പാണ് വികസിപ്പിച്ചത്. ചെറുപ്പക്കാരുടെ ഇത്തരം നൂതന ആശയങ്ങള്‍ക്ക് കേരളത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.