സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

പ്രവാസികളുടെ ക്ഷേമത്തിന് പൂര്‍ണ്ണ പിന്തുണ; കിഴക്കന്‍ പ്രവിശ്യയിലെ നൂറുകണക്കിന് പ്രവാസികള്‍ പങ്കാളികളായി
ഫുജൈറ: ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന് ഇത് ചരിത്രമുഹൂര്‍ത്തം. യുഎഇയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഭാരതീയരുടെ പ്രഥമ സാംസ്കാരിക കേന്ദ്രത്തില്‍ പ്രവാസി സമൂഹത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തിളക്കമാര്‍ന്ന നിമിഷങ്ങള്‍. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനും ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. വിഷ്ണു വര്ധന് റെഡ്ഢിക്കും പ്രൗഢോജ്ജ്വല സ്വീകരണം നല്കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഫുജൈറ സന്ദര്‍ശനവും ഇരുവര്‍ക്കുമായി ഫുജൈറ ഐഎസ്സി ഒരുക്കിയ സ്വീകരണവും ആദരവിരുന്നും പ്രവാസി സമൂഹത്തിന് വലിയ ആവേശമായി. കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ആവേശകരമായി. നൂറുകണക്കിന് പ്രവാസികളാണ് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ നേരില്‍ കാണാനും സ്വീകരണത്തില്‍ പങ്കാളികളാകാനും ക്ലബ്ബ് ഓഡിറ്റോറിയത്തിലേക്കെത്തിയത്. സ്വീകരണ ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുമ്പോള്‍ ഫുജൈറയുടെ സ്വാഭാവിക സൗന്ദര്യത്തെയും ശാന്തമായ അന്തരീക്ഷത്തെയും അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വാനോളം പുകഴ്ത്തി. പ്രകൃതിസുന്ദരവും പ്രശാന്തവുമായ ഫുജൈറയുടെ മണ്ണില്‍, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ഒരേ കുടുംബത്തെപ്പോലെ പരസ്പര സ്നേഹത്തോടും ഐക്യത്തോടും കൂടി കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യം ഏറെ സന്തോഷവും അഭിമാനവും നല്കുന്ന ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികളുടെ ക്ഷേമത്തിനും സമഗ്ര വളര്‍ച്ചയ്ക്കുമായി നടപ്പിലാക്കുന്ന എല്ലാവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പൂര്‍ണ്ണ പിന്തുണയും സഹായഹസ്തവും ലഭ്യമായിരിക്കുമെന്ന് അംബാസഡറും കോണ്‍സുല്‍ ജനറലും തങ്ങളുടെ പ്രസംഗത്തില്‍ ഉറപ്പുനല്‍കി.
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ ആശിഷ് കുമാര്‍, പ്രമുഖ വ്യവസായിയും രാവിന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ വിജയ് കാര്യ തുടങ്ങി വ്യവസായ വാണിജ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
ഐഎസ്സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നിയമിതനായ ശേഷം ആദ്യമായി കിഴക്കന്‍ പ്രവിശ്യയിലെത്തിയ അംബാസഡറുടെയും, അടുത്തിടെ സ്ഥാനമേറ്റെടുത്ത കോണ്‍സുല്‍ ജനറലിന്റെയും ഒരുമിച്ചുള്ള ഈ പ്രൗഢമായ സാന്നിധ്യം ഫുജൈറയിലെ ഇന്ത്യന്‍ സമൂഹത്തിനും വിശിഷ്യാ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിനും വലിയ ആദരവും നിസീമമായ ആഹ്ലാദവുമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് ഡോ. പുത്തൂര്‍ റഹ്മാന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഐഎസ്സി എക്സിക്യൂട്ടീവ് ഭാരവാഹികളായ അശോക് മൂല്‍ചന്ദാനി, വി.എം. സിറാജ്, വി. സുഭാഷ്, അഡ്വ. മുഹമ്മദാലി, അനീഷ് മുക്കത്ത്, ഇസ്ഹാഖ് പാലായ്, പ്രസാദ് ചില്മു എന്നിവര്‍ വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനും പരിപാടികളുടെ ഏകോപനത്തിനും മുന്നില്‍നിന്നു. ജനറല്‍ സെക്രട്ടറി സഞ്ജീവ് മേനോന് സ്വാഗതവും വൈസ് പ്രസിഡന്റ് ജോജി മണ്ഡപത്തില്‍ നന്ദിയും പറഞ്ഞു. അതിഥികള്‍ക്കായി ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നോടെയാണ് സ്വീകരണ പരിപാടികള്‍ സമാപിച്ചത്.
