100 ദിനം പിന്നിട്ട് ഓപ്പറേഷന് തൂഫാന്: ലഹരിക്കടത്തുകാരെ ഓടിച്ചിട്ട് പിടിച്ച് പോലീസ്; കയ്യടിച്ച് ജനം

തിരുവനന്തപുരം : ജനങ്ങളെ ഒപ്പം നിര്ത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില് കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷന് തൂഫാന് ദി നാര്ക്കോ ഹണ്ട്’ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോള് മന്ത്രിക്കും പോലീസിനും പൊന് തൂവല്. ഇതര സംസ്ഥാനങ്ങളിലെ ദുര്ഘടം പിടിച്ച മേഖലകളില് പോയി ലഹരി വില്പ്പനക്കാരെ പിടികൂടിയും രാവും പകലും ഇല്ലാതെ ലഹരികടത്തുകാരുടെ പുറകെ അലഞ്ഞും പോലീസ് നടത്തിയ പ്രവര്ത്തനങ്ങള്ക്ക് ജനം ഇതിനകം തന്നെ അംഗീകാരം നല്കിക്കഴിഞ്ഞു. ഏറ്റവും ഒടുവില് തിരുവനന്തപുരം കോവളത്ത് റോഡിന് കുറുകെ പോലീസ് ജീപ്പിട്ട് ഗതാഗതം പൂര്ണമായി തടഞ്ഞ് ലഹരി വില്പ്പനക്കാരെ പിടികൂടി. റോഡില് വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെട്ടിട്ടും ജനം പോലീസ് നടപടിയോട് പൂര്ണമായി സഹകരിക്കുന്ന കാഴ്ചയാണുണ്ടായത്. ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരമായിരുന്നു കോവളത്തേത്.
സംസ്ഥാനത്തെ ലഹരിക്കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക പരിശോധനകളില് ഇതുവരെ 11085 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 58 കേസുകളിലായി 64 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10256 ആയി. ഇതുവരെ 23527.153 ഗ്രാം എം.ഡി.എം.എയും 1223.838 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നാര്ക്കോട്ടിക് ഹണ്ടുകളിലൊന്നായി പോലീസ് വിശേഷിപ്പിച്ച ‘ഓപ്പറേഷന് തൂഫാനി’ലൂടെ മൂന്ന് മാസത്തിനിടെ വന്തോതിലുള്ള ലഹരിമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്.
ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള് പൊലീസിന് കൈമാറിയും യുവാക്കളെയും കുട്ടികളെയും ലഹരിയില്നിന്ന് അകറ്റാനുള്ള ബോധവത്കരണ പ്രവര്ത്തനങ്ങളില് പങ്കാളികളായും നിരവധി പേര് ‘ഓപ്പറേഷന് തൂഫാന്റെ’ ഭാഗമായി. ഇതോടെ ലഹരിക്കെതിരായ പോരാട്ടം പോലീസ് നടപടിയില്നിന്ന് ജനകീയ മുന്നേറ്റമായി മാറി. നടന് മോഹന് ലാല് ഉള്പ്പെടെ സിനിമ-സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം തൂഫാന് വാരിയറായി ഓപ്പറേഷന് തൂഫാന് ഏറ്റെടുത്തു.
ഓപ്പറേഷന്റെ ഭാഗമായി വിവിധ ജില്ലകളില് വന്തോതിലുള്ള ലഹരിവേട്ടകള് നടന്നു. മലപ്പുറം മഞ്ചേരിയില് 13 കിലോഗ്രാം എംഡിഎംഎ, ആലുവയില് 34 കിലോഗ്രാം കഞ്ചാവ്, റെയില്വേ പോലീസ് പരിശോധനയില് 40 കിലോഗ്രാം കഞ്ചാവ്, പാലക്കാട് ഒലവക്കോട് 53 കിലോഗ്രാം കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തത് പ്രധാന നേട്ടങ്ങളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലഹരി മാഫിയയെ തകര്ക്കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യം തുടങ്ങിവച്ച ദൗത്യവും ലഹരി മാഫിയയ്ക്കെതിരെയാണ്. ലഹരി ഉപയോഗം മൂലം കുടുംബങ്ങളും സമൂഹവും പൊറുതി മുട്ടി നില്ക്കുന്ന അവസരത്തിലായിരുന്നു ചെന്നിത്തല ഓപ്പറേഷന് തൂഫാനുമായി രംഗത്തെത്തിയത്. ജനം ഒറ്റക്കെട്ടായി പൊലീസിനൊപ്പം നില്ക്കുകയും ചെയ്തു. ലഹരി മാഫിയയെ ജനകീയ പങ്കാളിത്തത്തോടെ തളയ്ക്കാനായത് സര്ക്കാരിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.