സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കൊല്‍ക്കത്ത: ബംഗാളില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ‘അസ്സലാമു അലൈക്കും’, ‘ഇന്ഷാ അള്ളാഹ്’, എന്നീ ഇസ്ലാമിക അഭിവാദ്യങ്ങള്‍ ഉപയോഗിച്ചതിന് പിന്നാലെയാണ് ഡോ. ബുഷ്റ ബാനോയെ സ്ഥലം മാറ്റിയത്. വലതുപക്ഷ സംഘടനകളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടെയും കടുത്ത വിമര്‍ശനവും പരാതിയും ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. ഖരഗ്പൂര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ബുഷ്റ ബാനോയെ സ്റ്റേറ്റ് ആംഡ് പോലീസിന്റെ നാലാം ബറ്റാലിയന് ഡെപ്യൂട്ടി കമാന്‍ഡന്റായാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിനായി ബുഷ്റ ബാനോ പങ്കുവെച്ച വീഡിയോയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി തനിക്ക് നല്കിയ പിന്തുണയെക്കുറിച്ചും ഗള്‍ഫിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച് ഇന്ത്യയില്‍ തിരിച്ചെത്തി പിഎച്ച്ഡി പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് സ്വന്തമാക്കിയ യാത്രയെക്കുറിച്ചുമാണ് അവര്‍ വീഡിയോയില്‍ സംസാരിച്ചത്.
എന്നാല്‍, വീഡിയോ തുടങ്ങുമ്പോള്‍ ‘അസ്സലാമു അലൈക്കും’ എന്ന് അഭിസംബോധന ചെയ്തതിനെയും സംസാരത്തിനിടയില്‍ ‘ഇന്ഷാ അല്ലാഹ്’, ഒടുവില്‍ ‘ജസാക്കല്ലാഹ്’ എന്ന് ഉപയോഗിച്ചതിനെതിരെയുമാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇത്തരം മതപരമായ അഭിവാദ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ‘ഹിന്ദു ലീഗല്‍ ഫണ്ട്’ അടക്കമുള്ള സംഘടനകള്‍ ആരോപിച്ചു. തുടര്‍ന്ന് ബംഗാള്‍ ആഭ്യന്തര സെക്രട്ടറിക്കും പോലീസിനും ഇവര്‍ പരാതി നല്‍കുകയായിരുന്നു.
അതേ സമയം, ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം സ്വാഭാവികമായ ഭരണനിര്‍വ്വഹണ നടപടിയുടെ ഭാഗമാണെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.