സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കൊയിലാണ്ടി: ഒരു കെട്ടിടം കൂടി ഉയര്‍ന്നതല്ല; ഒരു കൂട്ടം കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ വിശാലമായ ആകാശമാണ് കൊയിലാണ്ടിയില്‍ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠിക്കാനും വളരാനും സ്വന്തം കഴിവുകളില്‍ വിശ്വസിച്ച് മുന്നേറാനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (NIARC)ന്റെ പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു.
അദീബ്ഷഫീന ഫൗണ്ടേഷന് നിര്‍മ്മിച്ചുനല്‍കിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദും സംരംഭകയും റിസ്ഖ് ആര്‍ട്ട് ഗാലറി സ്ഥാപകയുമായ ഷഫീന യൂസുഫ് അലിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഏകദേശം ഒന്നരക്കോടി രൂപ ചെലവിലാണ് അദീബ്ഷഫീന ഫൗണ്ടേഷന് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചുനല്‍കിയത്. ഓരോ കുട്ടിയുടെയും പ്രയാസങ്ങള്‍ വ്യത്യസ്തമാണെന്നും അതിനനുസരിച്ചുള്ള പഠനവും പരിശീലനവും അവസരങ്ങളും ലഭിക്കുമ്പോഴാണ് അവരുടെ സാധ്യതകള്‍ പൂര്‍ണമായി വികസിക്കുന്നതെന്നും തിരിച്ചറിഞ്ഞാണ് പുതിയ ബ്ലോക്ക് ഒരുക്കി നല്‍കിയതെന്ന് അദീബ് പറഞ്ഞു.
നിയാര്കിലെ കുട്ടികളെ നേരില്‍ കാണാനും അവരുടെ പഠനവും തെറാപ്പിയും പരിശീലനവും അടുത്തറിയാനും ഇരുവരും സമയം ചെലവഴിച്ചു. ഓരോ കുട്ടിയോടും അടുത്തെത്തി അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും അധ്യാപകരോടും തെറാപ്പിസ്റ്റുകളോടും കുട്ടികളുടെ പുരോഗതിയെക്കുറിച്ച് മനസ്സിലാക്കിയും അവര്‍ സമയം ചെലവഴിച്ചു. ചില കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചപ്പോള്‍ അത് കൗതുകത്തോടെയും സന്തോഷത്തോടെയും ഇരുവരും കണ്ടുനിന്നു. കൊയിലാണ്ടി പെരുവട്ടൂരിലെ നെസ്റ്റ് ക്യാമ്പസില്‍ നടന്ന ചടങ്ങ് ഷാഫി പറമ്പില്‍ എം.പി. ഉദ്ഘാടനം ചെയ്തു. ചെയര്മാന് അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ‘സാധ്യതകളുടെ പുതിയൊരു ലോകം അവര്‍ക്കായി തുറക്കുന്നു’ എന്ന ആശയത്തോടെയാണ് അക്കാദമിക് ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
പഠനം, തെറാപ്പി, പരിശീലനം, കല, കായികം, സാമൂഹിക ഇടപെടല്‍ തുടങ്ങി കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ആവശ്യമായ വിവിധ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ സൗകര്യം സഹായിക്കും. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കൂടുതല്‍ സമഗ്രമായ ദന്തപരിചരണം ഉറപ്പാക്കുന്നതിനായി ഒരുക്കിയ ഡെന്റല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. സാലിഹ് ബാത്ത പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി. അഷ്റഫ്, ടി.കെ. നാസര്‍ മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്കി. അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ., കൊയിലാണ്ടി നഗരസഭ ചെയര്മാന് യു.കെ. ചന്ദ്രന്, കെആര്‍എസ് എം.ഡി. എം.കെ സിറാജ്, പാരിസണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ എന്‍.കെ. ഖാലിദ്, എംഐസിസി ഡയറക്ടര്‍ പി.പി. അബ്ദുല്‍ റഷീദ്, വ്യവസായ പ്രമുഖന് മുജീബുറഹ്മാന്‍, പി.ടി ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.