സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയാകാം: യുഎസിന് മുന്നില്‍ 7 ഉപാധികള്‍ വച്ച് ഇറാന്

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയ 2026 ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളോടെ തുടക്കമായി. 20ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ കായിക മന്ത്രി, യുഎഇ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് ഓഫീസ് ചെയര്മാന് ഡോ. അഹമ്മദ് ബെല്‍ഹൗല്‍ അല്‍ ഫലാസി പങ്കെടുത്തു. ജപ്പാന് ചക്രവര്‍ത്തി നരുഹിതോ ഔദ്യോഗികമായി ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ഖ് ജോആന്‍ ബിന്‍ ഹമദ് അല്‍ താനി, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് കിര്‍സ്റ്റി കോവന്ട്രി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നഗോയ സിറ്റി മിസുഹോ പാര്‍ക്ക് അത്ലറ്റിക്സ് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. പരമ്പരാഗത ജാപ്പനീസ് സംസ്കാരവും ആധുനിക കായികവും സംഗീതവും കലാപ്രകടനങ്ങളും സമന്വയിപ്പിച്ച പരിപാടികള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുടെ മാര്‍ച്ചും നടന്നു. ഗെയിംസ് ദീപം തെളിച്ചതോടെയാണ് ഔദ്യോഗികമായി മത്സരങ്ങള്‍ക്ക് തുടക്കമായത്.
‘Imagine One Asia’ എന്ന മുദ്രാവാക്യത്തിലാണ് ഗെയിംസ് നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന്റെ ആശയം ‘Harmonic Heart Beat‘ എന്നതായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളും കായികതാരങ്ങളും കായികമത്സരത്തിലൂടെ ഒരുമിക്കുന്നതും പരസ്പര ബഹുമാനവും സൗഹൃദവും ശക്തിപ്പെടുത്തുന്നതുമാണ് ആശയം. ഒക്ടോബര്‍ 4 വരെ നീളുന്ന ഗെയിംസില്‍ 45 രാജ്യങ്ങളില്‍നിന്നായി 11,000ത്തിലധികം കായികതാരങ്ങളും ഏകദേശം 6,000 പരിശീലകരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. 43 കായിക ഇനങ്ങളിലായി 71 വിഭാഗങ്ങളില്‍ 469 മത്സരങ്ങളാണ് നടക്കുന്നത്. ആകെ 1,407 മെഡലുകളാണ് സമ്മാനിക്കുക.
21 കായിക ഇനങ്ങളില്‍ 165 യുഎഇ താരങ്ങള്‍
21 കായിക ഇനങ്ങളിലായി 165 താരങ്ങളാണ് യുഎഇ സംഘത്തിലുള്ളത്. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും രാജ്യത്തിന്റെ കായികരംഗത്തെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്ന ഫലങ്ങള്‍ നേടാനുമാണ് യുഎഇ സംഘം ലക്ഷ്യമിടുന്നത്. താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന ഡോ. അഹമ്മദ് ബെല്‍ഹൗല്‍ അല്‍ ഫലാസി, പരിശീലന ഘട്ടങ്ങളില്‍ നടത്തിയ പരിശ്രമങ്ങള്‍ മികച്ച പ്രകടനങ്ങളാക്കി മാറ്റാന്‍ കഴിയട്ടെയെന്ന് പറഞ്ഞു. യുഎഇ ഒളിമ്പിക് കമ്മിറ്റി, വിവിധ കായിക ഫെഡറേഷനുകള്‍, സാങ്കേതിക ഭരണ വിഭാഗങ്ങള്‍ എന്നിവയുടെ തയ്യാറെടുപ്പുകളെയും അദ്ദേഹം പ്രശംസിച്ചു. കായികം ഏഷ്യയിലെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
അത്ലറ്റ്സ് വില്ലേജില്‍ യുഎഇ സംഘത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി
യുഎഇ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഫാരിസ് മുഹമ്മദ് അല്‍ മുതവയും കായിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഗാനം മുബാറക് അല്‍ ഹജേരിയും അത്ലറ്റ്സ് വില്ലേജ് സന്ദര്‍ശിച്ചു. വില്ലേജിലെ സൗകര്യങ്ങളും വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ഒരുക്കിയ സേവനങ്ങളും ഇവര്‍ വിലയിരുത്തി. യുഎഇ സംഘത്തിന്റെ താമസസൗകര്യങ്ങളും ഭരണ മെഡിക്കല്‍ ടീമുകളുടെ ക്രമീകരണങ്ങളും പരിശോധിച്ചു. താരങ്ങള്‍ക്ക് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ഉത്തര കൊറിയക്കെതിരെ യുഎഇ ഫുട്ബോള്‍ ടീം
ഏഷ്യന്‍ ഗെയിംസിലെ രണ്ടാമത്തെ മത്സരത്തിന് യുഎഇ ഒളിമ്പിക് ഫുട്ബോള്‍ ടീം ഒരുങ്ങി. ഞായറാഴ്ച ഉത്തര കൊറിയക്കെതിരെയാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇറാനോട് തോറ്റ യുഎഇ ടീം അടുത്ത മത്സരത്തില്‍ മികച്ച ഫലം നേടാനുള്ള തയ്യാറെടുപ്പിലാണ്. യുഎഇ ഒളിമ്പിക് കമ്മിറ്റി, കായിക മന്ത്രാലയം അധികൃതര്‍ ടീമിന്റെ പരിശീലന സെഷനിലും പങ്കെടുത്തു. ഏഷ്യന്‍ ഗെയിംസിലെ മോഡേണ്‍ പെന്റാത്തലണില്‍ അബ്ദുല്ല അബ്ദുറഹ്മാന് യുഎഇയുടെ ആദ്യ താരമായി ചരിത്രം കുറിച്ചു. ഫെന്‍സിങ്, ഒബ്സ്റ്റക്കിള്‍, നീന്തല്‍, ലേസര്‍ റണ്‍ എന്നീ ഇനങ്ങള്‍ ഉള്‍പ്പെട്ട പുരുഷ വ്യക്തിഗത സെമിഫൈനലില്‍ മത്സരിച്ച അദ്ദേഹം 1,282 പോയിന്റുമായി മത്സരം പൂര്‍ത്തിയാക്കി.
