സൗദിയെ സംരക്ഷിക്കാന് സൈനിക ഇടപെടലിന് അനുമതി തേടി ഈജിപ്ത് പ്രസിഡന്റ്; പാര്ലമെന്റിന്റെ അടിയന്തര യോഗം വിളിച്ചു

കെയ്റോ: യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങള് നേരിടുന്ന സൗദി അറേബ്യയുടെ പ്രതിരോധത്തിനായി ആവശ്യമെങ്കില് സൈനികമായി ഇടപെടാന് അനുമതി നല്കണമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല് ഫത്താഹ് അല് സിസി പാര്ലമെന്റിനോട് ആവശ്യപ്പെട്ടു. ഇതിനായി പാര്ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം നിര്ദേശിച്ചു. സൗദി അറേബ്യയുടെ അഭ്യര്ഥനയുണ്ടായാല് രാജ്യത്തിന്റെ പ്രതിരോധത്തിനായി നടപടി സ്വീകരിക്കാന് പാര്ലമെന്റിന്റെ അംഗീകാരം തേടുകയാണെന്ന് സൈനിക അക്കാദമിയിലെയും കോളജുകളിലെയും കേഡറ്റുകളുടെ ബിരുദദാനച്ചടങ്ങില് സംസാരിക്കവെ അല് സിസി പറഞ്ഞു. ഈജിപ്ത് പാര്ലമെന്റിന്റെ അധോസഭയായ ജനപ്രതിനിധി സഭ ഞായറാഴ്ച യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
‘സൗദി അറേബ്യയുടെ പ്രതിരോധത്തിനായി ഇടപെടാന് അനുമതി നല്കുന്നതിന് പാര്ലമെന്റ് അടിയന്തര സമ്മേളനം ചേരണമെന്ന് ഞാന് ആവശ്യപ്പെടുന്നു. ആക്രമിക്കാനോ യുദ്ധം നടത്താനോ അല്ല ഞങ്ങള് ഉദ്ദേശിക്കുന്നത്. പ്രതിരോധിക്കുക മാത്രമാണ് ലക്ഷ്യം,’ അല് സിസി വ്യക്തമാക്കി.
സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും തകര്ക്കാനുള്ള നീക്കങ്ങള് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗള്ഫ് സഖ്യകക്ഷികളുടെ പ്രദേശിക അഖണ്ഡത സംരക്ഷിക്കാനുള്ള ശ്രമങ്ങള്ക്ക് ഈജിപ്തിന്റെ പൂര്ണ പിന്തുണയുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ‘ഞങ്ങള് ഒരു പ്രത്യേക പങ്ക് തേടിനടക്കുകയല്ല. എന്നാല് സൗദി അറേബ്യയെ ലക്ഷ്യമിടുന്നതും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്ക്കുന്നതും അംഗീകരിക്കാനാവില്ല,’ അല് സിസി പറഞ്ഞു.
യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയുടെ പിന്തുണയുള്ള യെമന് സര്ക്കാരും തമ്മിലുള്ള സംഘര്ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈജിപ്തിന്റെ നീക്കം. യെമന് സര്ക്കാരിന്റെ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഏദനിലെ പ്രസിഡന്ഷ്യല് കൊട്ടാരത്തിനു നേരെ ഈ ആഴ്ച ഹൂതികള് മിസൈല്, ഡ്രോണ് ആക്രമണങ്ങള് നടത്തിയിരുന്നു. ആക്രമണത്തില് സുരക്ഷാ ഉദ്യോഗസ്ഥര് കൊല്ലപ്പെടുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. നഗരത്തിലെ സൗദി സൈനിക കമാന്ഡ് കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികള് അവകാശപ്പെട്ടതായി റിപ്പോര്ട്ട് പറയുന്നു.