അക്ഷരങ്ങളുടെ ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഡാനിയല് ലാസറിന് പ്രവാസത്തിന്റെ അനുശോചനം

അജ്മാന്: അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീര്ഘദര്ശിയായ ലാസര് ഗ്രൂപ്പിന്റെയും നോര്ത്ത് പോയിന്റ് എജ്യുക്കേഷന് ഗ്രൂപ്പ് ഓഫ് സ്കൂള്സിന്റെയും സ്ഥാപകനായ തിരുവനന്തപുരം സ്വദേശി ഡാനിയല് ലാസര്(84) ന്റെ വിയോഗത്തില് പ്രവാസ സമൂഹം അനുശോചനം രേഖപ്പെടുത്തി. എഞ്ചിനീയറും സംരംഭകനും വിദ്യാഭ്യാസപ്രവര്ത്തകനും മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹം യുഎഇയുടെ വടക്കന് എമിറേറ്റുകളിലെ വിദ്യാഭ്യാസചരിത്രത്തില് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്വ വ്യക്തിത്വമായിരുന്നു.
1968 ഏപ്രില് 8നാണ് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം കൈമുതലാക്കി പൂണെയില്നിന്നുള്ള യുവ എന്ജിനീയറായ ഡാനിയല് ലാസര് നിര്ണായകമായ ആ യാത്രയ്ക്ക് തുടക്കം കുറിച്ചത്. ടാറ്റ കമ്പനിയിലെ സുരക്ഷിതമായ ഉദ്യോഗം ഉപേക്ഷിച്ച്, ഗുജറാത്തില്നിന്ന് ഒരു ചെറുബോട്ടില് അറബിക്കടലിന്റെ അനിശ്ചിതത്വങ്ങളിലേക്ക് യാത്ര തിരിച്ചു. കഠിനമായ കടല്യാത്ര അതിജീവിച്ച് പത്തുദിവസങ്ങള്ക്ക് ശേഷം അദ്ദേഹം ഖോര്ഫക്കാന്റെ തീരത്തെത്തി. യുഎഇയിലെത്തിയ ശേഷം വൈദ്യുതിമേഖലയില് ജോലിയില് പ്രവേശിച്ച അദ്ദേഹം സത്യസന്ധതയും അച്ചടക്കവും അര്പ്പണബോധവും കൊണ്ട് ശ്രദ്ധേയനായി. എന്നാല് വരുംതലമുറകള്ക്കായി നിലനില്ക്കുന്നതും സമൂഹത്തിന് നന്മ പകരുന്നതുമായ സംരംഭം സൃഷ്ടിക്കണമെന്ന ആഗ്രഹമാണ് ലാസര് ഗ്രൂപ്പിനും പിന്നീട് നോര്ത്ത് പോയിന്റ് എജ്യുക്കേഷനും ജന്മം നല്കിയത്.
മൂല്യബോധവും അറിവും അടിത്തറയാക്കിയ ഈ പ്രസ്ഥാനം ഇന്ന് അജ്മാനിലെ ദി റോയല് അക്കാദമി, ദി ബ്ലൂമിങ്ടണ് അക്കാദമി, ഷാര്ജയിലെ ദി ഹോപ് ഇംഗ്ലീഷ് സ്കൂള് എന്നീ മൂന്ന് വിദ്യാലയങ്ങളിലൂടെ മുന്നേറുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുഞ്ഞിനും ലഭിക്കണമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളുടെ കരുത്ത്. പരീക്ഷകളിലെ മാര്ക്കുകള്ക്കപ്പുറം അറിവിനൊപ്പം നല്ല സ്വഭാവവും മൂല്യബോധവും കരുണയും വളര്ത്തുമ്പോഴാണ് വിദ്യാഭ്യാസം പൂര്ണമാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് തനിക്ക് സന്തോഷം നല്കുന്നുവെന്നും, അവര് വളര്ന്ന് ജീവിതത്തില് വിജയികളായി കാണുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. തനിക്ക് അവസരങ്ങളുടെ വാതില് തുറന്നുതന്ന യുഎഇയോടുള്ള കൃതജ്ഞത വിദ്യാഭ്യാസപ്രവര്ത്തനങ്ങളിലൂടെയാണ് അദ്ദേഹം തിരികെ നല്കിയത്. ‘നിങ്ങളുടെ സ്വപ്നങ്ങളെ ആവേശത്തോടെ പിന്തുടരുക, സത്യസന്ധതയോടെയും അര്പ്പണബോധത്തോടെയും അധ്വാനിക്കുക, വിജയം നിങ്ങളെ തേടിയെത്തും’ എന്നതായിരുന്നു യുവതലമുറയ്ക്കുള്ള അദ്ദേഹത്തിന്റെ സന്ദേശം.
ഭാര്യ: ശോശാമ്മ ലാസര്. മക്കള്: ലാന്സണ് ലാസര്, ലിന്സി ലാസര്. നോര്ത്ത് പോയിന്റ് എജ്യുക്കേഷന് ഗ്രൂപ്പ് ഓഫ് സ്കൂള്സിന്റെ ചെയര്മാനായ ലാന്സണ് ലാസര് പിതാവിന്റെ വിദ്യാഭ്യാസദര്ശനങ്ങളും സേവനമനോഭാവവും മുന്നോട്ട് കൊണ്ടുപോകുന്നു. ദി റോയല് അക്കാദമി പ്രിന്സിപ്പല് ഡോ. പ്രേമ മുരളീധര്, മുതിര്ന്ന അധ്യാപിക കൃപലത, അസ്മാ ഹോസ്നി, ദി ബ്ലൂമിങ്ടണ് അക്കാദമി പ്രിന്സിപ്പല് ഹുസൈന ബീഗം നൂര് ഷെരീഫ്, ദി ഹോപ്പ് ഇംഗ്ലീഷ് സ്കൂള് പ്രിന്സിപ്പല് ഡോ. ടെറി ബര്വെല്, ദി യെല്ലോ ബസ് ടീം അംഗങ്ങള്, ആര്ജിഎംസി അംഗങ്ങള് തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ളവരും അദ്ദേഹത്തിന് ആദരാഞ്ജലികള് അര്പ്പിച്ചു.
