സമൂഹമാധ്യമങ്ങളിലെ തര്ക്കങ്ങള് ഒഴിവാക്കണമെന്ന് ഗള്ഫ് പൗരന്മാരോട് അന്വര് ഗര്ഗാഷ്

അബുദാബി: ഗള്ഫ് രാജ്യങ്ങളിലെ പൗരന്മാര് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന തര്ക്കങ്ങളും പരസ്പരമുള്ള അധിക്ഷേപങ്ങളും ഒഴിവാക്കി ഐക്യത്തിനും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നല്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്വര് ഗര്ഗാഷ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ ഗള്ഫ് രാജ്യങ്ങള് തമ്മിലുള്ള തര്ക്കങ്ങളില് കാണുന്ന നിസ്സാരതകളെയും അനാവശ്യമായ വാഗ്വാദങ്ങളെയും അതിജീവിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
മേഖല നിര്ണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തില് എല്ലാവരും കൂടുതല് അവബോധത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്ത്തിക്കണമെന്നും ഗര്ഗാഷ് വ്യക്തമാക്കി. പരസ്പരമുള്ള വാഗ്വാദങ്ങള് ഒഴിവാക്കി വിവേകത്തിനും ഐക്യദാര്ഢ്യത്തിനും മുന്ഗണന നല്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഈ ഭാഷ നമ്മളെ പ്രതിനിധീകരിക്കുന്നില്ല; നമ്മുടെ ധാര്മികതയെയും മൂല്യങ്ങളെയും അത് പ്രതിഫലിപ്പിക്കുന്നുമില്ല’ ഗള്ഫ് രാജ്യങ്ങളിലെ സമൂഹമാധ്യമ ഇടപെടലുകളെക്കുറിച്ച് ഗര്ഗാഷ് പറഞ്ഞു.
ഗള്ഫ് രാജ്യങ്ങള്ക്കിടയിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്ച്ചകളില് സമൂഹമാധ്യമങ്ങളിലൂടെ വര്ധിച്ചുവരുന്ന മോശം ഭാഷാപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ആശങ്കാജനകമാണെന്ന് എക്സിലെ കുറിപ്പില് ഗര്ഗാഷ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകള്ക്കെതിരെ നിലകൊള്ളേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.