സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ഷാര്‍ജ: ഇസ്ലാമിക ചരിത്രത്തില്‍ അബ്ബാസിയ ഖലീഫയായിരുന്ന ഹാറൂണ്‍ അല്‍ റഷീദിന്റെ പേരില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി. ശാസ്ത്രം, സാഹിത്യം, കലകള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നീ മേഖലകളില്‍ സംഭാവന നല്‍കുന്നവരെ ആദരിക്കുന്നതിനാണ് പുതിയ അന്താരാഷ്ട്ര പുരസ്കാരം അദ്ദേഹം പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും നാല് പ്രമുഖ പണ്ഡിതര്‍, ഗവേഷകര്‍, സര്‍ഗാത്മക പ്രതിഭകള്‍ എന്നിവര്‍ക്ക് സമ്മാനിക്കും. അറബ് ചരിത്രത്തില്‍നിന്ന് പുരസ്കാരത്തിന് അനുയോജ്യമായ പേര് കണ്ടെത്താന്‍ ഏറെ ആലോചിച്ച ശേഷമാണ് ഹാറൂന്‍ അല്‍ റഷീദിന്റെ പേര് തെരഞ്ഞെടുത്തതെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ശാസ്ത്രം, സാഹിത്യം, കലകള്‍ എന്നിവയുടെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് അദ്ദേഹമെന്നും ചരിത്രത്തില്‍ ചിലര്‍ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍വിധിയോടെ വിലയിരുത്തിയിട്ടുണ്ടെന്നും ഭരണാധികാരി ചൂണ്ടിക്കാട്ടി.
ഷാര്‍ജ എക്സ്പോ സെന്ററില്‍ 45-ാമത് രാജ്യാന്തര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈഖ് സുല്‍ത്താന്‍.
വിജ്ഞാനരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ആദരിക്കാനും കൂടുതല്‍ ഗവേഷണങ്ങള്‍ക്കും രചനകള്‍ക്കും പ്രോത്സാഹനം നല്‍കാനും പുതിയ പുരസ്കാരം ലക്ഷ്യമിടുന്നു. അറിവിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നവരുടെ സംഭാവനകള്‍ സമൂഹം വിലമതിക്കുന്നുവെന്ന സന്ദേശം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പോര്‍ച്ചുഗീസ് സാന്നിധ്യം രേഖപ്പെടുത്തുന്ന തന്റെ പുതിയ ചരിത്രഗ്രന്ഥവും ശൈഖ് സുല്‍ത്താന്‍ പ്രകാശനം ചെയ്തു. ‘ദ പോര്‍ച്ചുഗീസ് ഇന്‍ ദ ഇന്ത്യന്‍ ഓഷ്യന്‍: അനല്‍സ് ഓഫ് ഹിസ്റ്ററി ഫ്രം 1497 CE-1750 CE’ എന്ന പേരിലുള്ള കൃതി അറബിയിലും ഇംഗ്ലീഷിലുമായി 61 വാല്യങ്ങളിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 37 വര്‍ഷം നീണ്ട ആര്‍ക്കൈവ് ഗവേഷണം, ചരിത്രരേഖകളുടെ ശേഖരണം, വിവര്‍ത്തനം, വസ്തുതാപരിശോധന എന്നിവയുടെ ഫലമാണ് ഈ ബൃഹദ് ചരിത്രപദ്ധതി. ഗ്രന്ഥത്തിന്റെ കോപ്പികളില്‍ ഭരണാധികാരി ഒപ്പുവെക്കുകയും ചെയ്തു.
പുസ്തകമേളയുടെ സംഘാടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രദര്‍ശനത്തില്‍ പങ്കാളികളായ പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഷാര്‍ജ ഉപഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. നവംബര്‍ 15 വരെ എക്സ്പോ സെന്റര്‍ ഷാര്‍ജയിലാണ് പുസ്തകമേള നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അതിഥികളെ സ്വാഗതം ചെയ്ത ഭരണാധികാരി, ഈ വര്‍ഷത്തെ അതിഥി രാജ്യം ഒമാനാണെന്ന പ്രത്യേകതയും എടുത്തുപറഞ്ഞു. സംസ്കാരം, വിജ്ഞാനം, പുസ്തകങ്ങള്‍ എന്നിവയ്ക്ക് ഷാര്‍ജ നല്‍കിവരുന്ന പ്രാധാന്യം അദ്ദേഹം ആവര്‍ത്തിച്ചു. മനുഷ്യവികസനത്തിന്റെ അടിസ്ഥാനശിലയാണ് സാഹിത്യമെന്നും വിവിധ ജനതകളെയും സംസ്കാരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് പുസ്തകങ്ങളെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗലിലെ ബുക്സ്, ആര്‍ക്കൈവ്സ് ആന്‍ഡ് ലൈബ്രറീസ് ഡയറക്ടര്‍ ജനറല്‍ ലൂയിസ് ഫിലിപ്പെ സാന്റോസ്, ലിസ്ബണ്‍ അക്കാദമി ഓഫ് സയന്‍സസ് വൈസ് പ്രസിഡന്റ് ഡോ. ഹെന്റിക് ലെയ്റ്റാവോ, ഗോവ സര്‍ക്കാര്‍ ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടര്‍ ഡോ. ബാലാജി ഷെണോയ് തുടങ്ങിയ വിശിഷ്ടാതിഥികളെയും അദ്ദേഹം സ്വാഗതം ചെയ്തു.