യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സര്‍വീസുകള്‍ ജൂലായ് 1 മുതല്‍ അല്‍ഹിന്ദിന് ; ബിഎല്‍എസ് സര്‍വീസ് ജൂണ്‍ 30 വരെ മാത്രം

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട്, വിസ, കോണ്‍സുലാര്‍ സര്‍വീസുകള്‍ 2026 ജൂലായ് 1 മുതല്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനിക്ക് നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവില്‍ സര്‍വീസ് ചെയ്തുവരുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ സേവനം ജൂണ്‍ 30 വരെ മാത്രമായിരിക്കും. പാസ്പോര്‍ട്ട് സേവന സര്‍വീസ് സെന്ററുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍, പ്രവര്‍ത്തന സമയം, അപ്പോയിന്റ്മെന്റ്, സര്‍വീസ് ചാര്‍ജുകള്‍ തുടങ്ങിയ വിവരങ്ങള്‍ അബുദാബി ഇന്ത്യന്‍ എംബസിയുടെയും ദുബൈ കോണ്‍സുലേറ്റിന്റെയും ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭിക്കും. 2026 ജൂണ്‍ 30വരെയുള്ള അപേക്ഷകള്‍ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് സെന്ററുകളില്‍ തന്നെ സമര്‍പ്പിക്കണമെന്നും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പില്‍ പറയുന്നു. തുടര്‍ന്നുള്ള മാറ്റങ്ങള്‍ സമയബന്ധിതമായി അറിയിക്കും. www.indembassyuae.gov.in www.cgidubai.gov.in എന്നീ വെബ്സൈറ്റുകളില്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കും. @IndembAbuDhabi @cgidubai എന്നീ എക്സ് പേജുകളിലും ലഭ്യമായിരിക്കും.