ദീപാവലി ആശംസകള്‍ നേര്‍ന്ന് ശൈഖ് മുഹമ്മദ്; ജീവിതത്തില്‍ സമാധാനവും നന്മയും നിറയട്ടെയെന്ന് ആശംസിച്ചു

പുസ്തകത്തിന്റെ കവര്‍ പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ.എം.കെ മുനീര്‍ നിര്‍വഹിച്ചു
ഷാര്‍ജ: മുന്‍ കേരള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതം ആസ്പദമാക്കി കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ നസീര്‍ രാമന്തളി രചിച്ച ‘സി.എച്ച് മുഹമ്മദ് കോയ ഇതിഹാസത്തിന്റെ നാള്‍വഴികള്‍’ എന്ന പുസ്തകം നവംബര്‍ 14ന് രാത്രി 8.30ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. കോഴിക്കോട് ഒലിവ് പബ്ലികേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്. വ്യക്തവും ആധികാരികവുമായ റഫറന്സുകളുടെ പിന്‍ബലത്തില്‍ ചരിത്രത്തെ രേഖപ്പെടുത്തുമ്പോഴും ലാളിത്യവും സാഹിത്യ ഭംഗിയും നിറഞ്ഞ ഭാഷയിലൂടെ സംഭവങ്ങളെ മനോഹരമായൊരു കഥപോലെ വായനക്കാരുടെ മുന്നിലെത്തിക്കുകയാണ് നസീര്‍. ഓരോ ഗണ്ഡികയും യഥാവിധി കോര്‍ത്തിണക്കി വായനക്കാരെ ഒരുപേജില്‍ നിന്നും മറ്റൊന്നിലേക്ക് യാന്ത്രികമായി നയിക്കുന്ന വായനാനുഭവം ആദ്യാവസാനം വരെ പുസ്തകം പ്രകടമാക്കുന്നുണ്ട്. ഈ പുസ്തകം ഭൂതകാലത്തിന്റെ നാള് വഴികളിലൂടെ സമകാലത്തെയും ഭാവിയെയും വിലയിരുത്തുന്ന ചരിത്രാന്വേഷണ കുതുകികള്‍ക്ക് മുതല്‍കൂട്ടാവും. സി.എച്ചിനെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുകയും പതിറ്റാണ്ടുകളായി പറയുകയും എഴുതുകയും ചെയ്തു കൊണ്ടിരിക്കുന്ന നസീര്‍ രാമന്തളിയുടെ രചനയെന്ന നിലയില്‍ സമഗ്രമായൊരു സി.എച്ച് ഉപഹാരമായി മാറും.
സി എച്ചിന്റെ ജീവിതം ധാരാളം കാര്‍ട്ടൂണുകളിലൂടെ പ്രതിഫലിപ്പിച്ച ചിത്രകാരന് കൂടിയായ നസീര്‍ രാമന്തളി തന്നെയാണ് പുസ്തകത്തിന്റെ കവര്‍ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ‘സി’ ക്രിസ്ത്യാനിയെയും ‘ എച്ച്’ ഹിന്ദുവിനേയും ‘എം’ മുസ്ലിമിനെയും ക്രമാനുഗതമായി പ്രതിനിധാനം ചെയ്യുന്ന ‘സി എച്ച് എം കോയ’ എന്ന പേരുള്പ്പെടുത്തിക്കൊണ്ടുള്ള വാട്ടര്‍കളര്‍ സ്റ്റൈലിലുള്ള സി.എച്ചിന്റെ സ്നേഹാര്‍ദ്രമായ പുഞ്ചിരിതൂകുന്ന കവര്‍ ചിത്രം അര്‍ത്ഥ സമ്പുഷ്ടവും മനോഹരവുമാണ്.
പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങില്‍ സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് ഡോ. എം.കെ മുനീര്‍ ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂറിന് നല്കി നിര്‍വഹിച്ചു. പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് ഡോ. എം കെ മുനീര്‍ തന്നെയാണ്. ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക് ചെലവൂര്‍, അഷ്റഫ് നടക്കാവ്, എം.പി ഒറീസ മുഹമ്മദ്, റസാക്ക് ഒരുമനയൂര്‍, നിസാര്‍ ചേലേരി, മുഹമ്മദ് മിന്നാഹ്, ഇജാസ് പുനത്തില്‍, അഫ്സല് രാമന്തളി, കെ.പി ആദില്‍, യു. ഫൈസല്‍, ഷഹ്സാദ് എസ്. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.