ഡല്ഹിയില് ദേശീയപതാക മാര്ച്ച് തടയില്ലെന്ന് കോടതി; സുരക്ഷ ഉറപ്പാക്കാന് പൊലീസിന് നിര്ദേശം

ന്യൂഡല്ഹി: ഡല്ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെന്ട്രല് പാര്ക്കില് നാളെ വെള്ളിയാഴ്ച നടത്താനിരിക്കുന്ന കോക്രോച്ച് ജനതാ പാര്ട്ടി യുടെ പ്രതിഷേധം തടയാന് വിസമ്മതിച്ച് ഡല്ഹി ഹൈക്കോടതി. അതേസമയം, പ്രതിഷേധം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും നിയമപ്രകാരമുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഡല്ഹി പൊലീസിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. സി.ജെ.പി സ്ഥാപകന് അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് ഒക്ടോബര് 16ന് പ്രതിഷേധം നടത്തുന്നത്. ആരോപണവിധേയമായ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്ക്കെതിരെ പ്രതിഷേധിച്ചവര്ക്കെതിരായ പൊലീസ് നടപടിയില് പ്രതിഷേധിച്ചാണ് പരിപാടി. ദേശീയ പതാകയുമായി രാജ്യസ്നേഹികള് സെന്ട്രല് പാര്ക്കില് ഒത്തുചേരണമെന്ന് ദിപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്.
സമരം തടയാന് എല്ലാ മാര്ഗങ്ങളും തേടുന്ന ബിജെപി തെരുവ് കച്ചവടക്കാരെ ഉപയോഗിച്ചാണ് കോടതിയിലെത്തിയത്. ലൈസന്സുള്ള തെരുവുകച്ചവടക്കാരന് സമര്പ്പിച്ച ഹര്ജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിന് വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശര്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. പ്രതിഷേധം വ്യാപാരികളുടെയും തെരുവുകച്ചവടക്കാരുടെയും അവകാശങ്ങളെ ബാധിക്കുമെന്നും നിയമപ്രകാരം പൊലീസ് നിയന്ത്രണം ഏര്പ്പെടുത്തണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. ഉത്സവകാലത്ത് തുടര്ച്ചയായ വാരാന്ത്യങ്ങളില് കടകള് അടച്ചിടേണ്ടിവന്നാല് വ്യാപാരികള്ക്കും കച്ചവടക്കാര്ക്കും വലിയ നഷ്ടമുണ്ടാകുമെന്ന് ഹര്ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്ക് പ്രതിഷേധത്തിനുള്ള വേദിയല്ലെന്നും ഇതിനകം നിയന്ത്രണങ്ങള് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില് ചൂണ്ടിക്കാട്ടി.
ഒക്ടോബര് 10ന് സി.ജെ.പി ആഹ്വാനം ചെയ്ത പ്രതിഷേധത്തില് പങ്കെടുക്കാന് കൊണാട്ട് പ്ലേസിന് സമീപമുള്ള ജന്തര് മന്തര് റോഡിലേക്ക് എത്തിയ നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിഷയത്തില് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്ക്കാരിനെതിരെ കോണ്ഗ്രസ് ഉള്പ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയും പ്രതിഷേധം നടത്തിവരികയാണ്. സി.ജെ.പിയുടെ സമരത്തിനും ഇന്ത്യാ മുന്നണിയുടെ പ്രതിഷേധത്തിനും ഇടയില് ഐക്യം രൂപപ്പെടുന്നതിന്റെ സൂചനകളുണ്ട്. ഇന്ത്യാ മുന്നണിയില്നിന്ന് പൊതുവെ അകന്നുനിന്ന ആം ആദ്മി പാര്ട്ടിയും സി.ജെ.പിയുടെ പ്രതിഷേധത്തില് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടത്തിയ വാര്ത്താസമ്മേളനത്തില്, കഴിഞ്ഞ രണ്ടാഴ്ചയായി ഡല്ഹിയില് വിദ്യാര്ഥികളെയും യുവാക്കളെയും തെരുവുകളില്നിന്ന് ബലംപ്രയോഗിച്ച് നീക്കുകയാണെന്ന് ദിപ്കെ ആരോപിച്ചു. പ്രതിഷേധത്തില് പങ്കെടുത്ത പ്രതിപക്ഷ നേതാക്കളെയും കസ്റ്റഡിയിലെടുത്തതായി അദ്ദേഹം പറഞ്ഞു. പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുന്നതിനാലാണ് പ്രതിഷേധക്കാര്ക്കെതിരെ നടപടിയെടുക്കുന്നതെന്ന ആരോപണവും ദിപ്കെ ഉന്നയിച്ചു.