ഡല്ഹിയില് ദേശീയപതാക മാര്ച്ച് തടയില്ലെന്ന് കോടതി; സുരക്ഷ ഉറപ്പാക്കാന് പൊലീസിന് നിര്ദേശം

ദുബൈ: ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നേരിട്ട് എത്താന് സൗകര്യമൊരുക്കുന്ന പുതിയ നടപ്പാലം തുറന്നു. അല് യലായിസ് റെയില്വേ സ്റ്റേഷനെയും ജുമൈറ ഗോള്ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഏകദേശം 400 മീറ്റര് നീളമുള്ള നടപ്പാലം ഇന്ന് വ്യാഴാഴ്ചയാണ് യാത്രക്കാര്ക്കായി തുറന്നത്. രണ്ട് സ്റ്റേഷനുകള്ക്കുമിടയിലെ യാത്രയ്ക്ക് കാല്നടയായി ഏകദേശം അഞ്ച് മിനിറ്റ് മതി. ഇതോടെ മെട്രോയിലെത്താന് ടാക്സിയെ ആശ്രയിക്കേണ്ടതില്ല, റോഡ് മാര്ഗം ചുറ്റിക്കറങ്ങേണ്ടതുമില്ല. യാത്രക്കാര്ക്ക് സൗകര്യപ്രദമായി സഞ്ചരിക്കാന് അടച്ചിട്ട നടപ്പാതയ്ക്കുള്ളില് മൂവിങ് വാക്ക്വേകള് സ്ഥാപിച്ചിട്ടുണ്ട്. ലഗേജുകളുമായി യാത്ര ചെയ്യുന്നവര്ക്കും ഇത് സഹായകരമാകും. ഉയരത്തിലുള്ള പാലത്തിലേക്ക് എത്താന് എസ്കലേറ്ററുകളും പടിക്കെട്ടുകളും ഒരുക്കിയിട്ടുണ്ട്.
നടന്നുപോകാന് താല്പര്യമില്ലാത്തവര്ക്ക് ഇരു സ്റ്റേഷനുകള്ക്കുമിടയില് സര്വീസ് നടത്തുന്ന ആര്ടിഎയുടെ ഷട്ടില് ബസുകളും ഉപയോഗിക്കാം. നിലവില് സൗജന്യമായ ഈ ബസ് യാത്രയ്ക്ക് രണ്ട് മിനിറ്റില് താഴെ സമയം മതിയാകും. റെഡ് ലൈനിലുള്ള ജുമൈറ ഗോള്ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിക്കുന്നതോടെ ഇത്തിഹാദ് റെയിലില് ദുബൈയിലെത്തുന്ന യാത്രക്കാര്ക്ക് ദുബൈ മറീന, ബിസിനസ് ബേ, ഡൗണ്ടൗണ് ദുബൈ തുടങ്ങിയ മേഖലകളിലേക്ക് മെട്രോ വഴി തുടരാം. ദുബൈയുടെ മറ്റു ഭാഗങ്ങളില്നിന്ന് മെട്രോയിലെത്തുന്നവര്ക്കും അല് യലായിസ് റെയില്വേ സ്റ്റേഷനിലേക്ക് നേരിട്ട് നടന്നെത്തി എമിറേറ്റുകള്ക്കിടയിലെ ട്രെയിന് യാത്ര തുടരാം.
ദുബൈയിലെ അല് യലായിസ് സ്റ്റേഷനില്നിന്ന് അബുദാബിയിലെ മുഹമ്മദ് ബിന് സായിദ് സിറ്റി സ്റ്റേഷനിലേക്കുള്ള ഇത്തിഹാദ് റെയില് യാത്രാ സര്വീസ് സെപ്റ്റംബര് 30ന് ആരംഭിച്ചിരുന്നു. ദുബൈയില്നിന്ന് അബുദാബിയിലേക്കുള്ള യാത്രക്ക് ഏകദേശം ഒരു മണിക്കൂര് വേണം. കംഫര്ട്ട് ക്ലാസ് ടിക്കറ്റ് നിരക്ക് 39 ദിര്ഹം മുതലും പ്രീമിയം ക്ലാസ് നിരക്ക് 109 ദിര്ഹം മുതലുമാണ്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകള് ബുക്ക് ചെയ്യാം.