വഖഫ് ബോര്ഡില് എല്ലാവര്ക്കും പ്രാതിനിധ്യം നല്കി; സാദിഖലി ശിഹാബ് തങ്ങള്

അബുദാബി: കാല്നടയാത്രക്കാര്ക്കും ജോഗിങ് ചെയ്യുന്നവര്ക്കുമായി മാത്രം നിശ്ചയിച്ച പാതകളിലൂടെ സൈക്കിളോ ഇലക്ട്രിക് സ്കൂട്ടറോ ഓടിക്കുന്നവര്ക്ക് 500 ദിര്ഹം പിഴ. ഇത്തരം വാഹനങ്ങള് അനുവദനീയമല്ലാത്ത മേഖലകളില് ഉപയോഗിക്കുന്നവര്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി. സൈക്കിള് യാത്രക്കാരും മറ്റ് വ്യക്തിഗത ഗതാഗത സംവിധാനങ്ങള് ഉപയോഗിക്കുന്നവരും നിശ്ചയിച്ച പാതകള് മാത്രം ഉപയോഗിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആന്ഡ് ട്രാന്സ്പോര്ട്ട് വകുപ്പ് നിര്ദേശിച്ചു. കാല്നടയാത്രക്കാര്ക്കായി നീക്കിവെച്ച നടപ്പാതകളും മറ്റ് സൗകര്യങ്ങളും സൈക്കിള് യാത്രക്കാര് കൈയടക്കുന്നത് പൊതുസുരക്ഷയെ ബാധിക്കുമെന്ന് അധികൃതര് ചൂണ്ടിക്കാട്ടി.
2022ലെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പര് 21 പ്രകാരമാണ് പിഴ ചുമത്തുന്നതെന്ന് ഇന്റഗ്രേറ്റഡ് ട്രാന്സ്പോര്ട്ട് സെന്ററിലെ പ്ലാനിങ് ആന്ഡ് സ്ട്രാറ്റജിക് അഫയേഴ്സ് വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര് അബ്ദുല്ല ഹമദ് അല് അരിയാനി വ്യക്തമാക്കി. കാല്നടയാത്രക്കാര്ക്കോ ജോഗിങ്ങിനോ മാത്രമായി നിശ്ചയിച്ച പാതകളില് സൈക്കിളോ ഇസ്കൂട്ടറോ ഓടിക്കുന്നവര്ക്കും ഇത്തരം യാത്രകള് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില് ഇവ ഉപയോഗിക്കുന്നവര്ക്കുമാണ് 500 ദിര്ഹം പിഴ ബാധകമാകുക.
സമീപ വര്ഷങ്ങളില് അബുദാബിയില് സൈക്കിളുകളുടെയും ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം ഗണ്യമായി വര്ധിച്ചിട്ടുണ്ട്. കായിക വിനോദത്തിനും ഉല്ലാസയാത്രകള്ക്കും മാത്രമല്ല, ചെറിയ ദൂരങ്ങളിലേക്കുള്ള ദൈനംദിന യാത്രകള്ക്കും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അല് അരിയാനി പറഞ്ഞു. വിവിധ താമസമേഖലകള്ക്കിടയില് സഞ്ചരിക്കാനും ലക്ഷ്യസ്ഥാനങ്ങളിലെത്താനും പൊതുഗതാഗത സ്റ്റേഷനുകളുമായി ബന്ധപ്പെടാനുമെല്ലാം ഇവ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതോടെ സൈക്കിള് യാത്രക്കാര്ക്ക് അനുയോജ്യമായ പാതകള് ഒരുക്കുന്നതിനൊപ്പം കാല്നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും വര്ധിച്ചു. നിശ്ചയിച്ച പാതകള് മാത്രം ഉപയോഗിക്കുകയും ഗതാഗത നിയമങ്ങള് പാലിക്കുകയും ചെയ്യണമെന്ന് അധികൃതര് ഓര്മിപ്പിച്ചു. സൈക്കിള് യാത്രക്കാരുടെയും ഇസ്കൂട്ടര് ഉപയോക്താക്കളുടെയും കാല്നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.