വഖഫ് ബോര്ഡില് എല്ലാവര്ക്കും പ്രാതിനിധ്യം നല്കി; സാദിഖലി ശിഹാബ് തങ്ങള്

ജിദ്ദ: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങവെ ജിദ്ദ വിമാനത്താവളത്തില് പിടിയിലായ മലയാളി നഴ്സിന് മോചനം. പോലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി ഫിലോമിനയെയാണ് (32) വിട്ടയച്ചത്. രാജ്യത്ത് നിയന്ത്രണമുള്ള മരുന്ന് കൈവശം വച്ചതിനെ തുടര്ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിനു കൈമാറിയിരുന്നു. തുടര്ന്നുള്ള വിശദമായ അന്വേഷണത്തില് അസ്വാഭാവികതയൊന്നുമില്ലെന്നും നിരപരാധിയാണെന്നും തെളിഞ്ഞതിനെത്തുടര്ന്നാണ് വിട്ടയച്ചത്.
വയനാട്, സുല്ത്താന് ബത്തേരി, അയ്യങ്കൊല്ലി സ്വദേശിയായ ഫിലോമിന, നാട്ടില് നിന്നും അവധി കഴിഞ്ഞ് ഒക്ടോബര് 10നാണ് ബെംഗളൂരുവില് നിന്നും ജിദ്ദ വഴി റിയാദിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയില് വിമാനമിറങ്ങി റിയാദിലേക്കുള്ള വിമാനത്തില് മാറിക്കയറാനിരിക്കെ പിതാവ് രവിക്കും ഭര്ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില്, ജിദ്ദ വിമാനത്താവളത്തില് ഉദ്യോഗസ്ഥര് തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോണ് ആവശ്യപ്പെട്ടതായും പറഞ്ഞിരുന്നു. പിന്നീട് ഫിലോമിനയെ ബന്ധപ്പെടാന് സാധിക്കാതെ വന്നതോടെ കുടുംബം വലിയ ആശങ്കയിലായി. റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവര്ത്തകരുമായും അന്വേഷണം നടത്തിയെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായി.
തുടര്ന്ന് റിയാദ് ഇന്ത്യന് എംബസിയുടെയും ജിദ്ദ കോണ്സുലേറ്റിന്റെയും സാമൂഹ്യ പ്രവര്ത്തകരുടെയും നേതൃത്വത്തില് നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദയില് പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. പരിശോധനയില് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഫിലോമിന മോചിതയായത്. കഴിഞ്ഞ മൂന്ന് വര്ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്തുവരികയാണ്.