രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: യുഎഇയിലെ വിവിധ എമിറേറ്റുകള്‍ക്കിടയിലെ യാത്രാരീതിയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കാന്‍ ഇത്തിഹാദ് റെയിലിന് കഴിയുമെന്ന് ഗതാഗത വിദഗ്ധര്‍. എന്നാല്‍ ട്രെയിന്‍ സ്റ്റേഷനിലെത്തിയ ശേഷം യാത്രക്കാരെ അവരുടെ ജോലി സ്ഥലങ്ങളിലേക്കും വീടുകളിലേക്കും സേവനകേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത കണക്ഷനുകളാണ് പദ്ധതിയുടെ ദീര്‍ഘകാല വിജയത്തില്‍ നിര്‍ണായകമാകുക എന്നാണ് വിലയിരുത്തല്‍. ദുബൈ-അബുദാബി യാത്രക്കാര്‍ക്കായുള്ള ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് സെപ്റ്റംബര്‍ 30ന് ആരംഭിച്ചു. ഇതോടെ സ്വകാര്യ വാഹനങ്ങളെ പ്രധാന യാത്രാമാര്‍ഗമായി ആശ്രയിച്ചിരുന്ന ദുബൈ-അബുദാബി യാത്രയ്ക്ക് പുതിയൊരു പൊതുഗതാഗത സാധ്യതയാണ് ലഭിച്ചത്. ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനില്‍നിന്നാണ് അബുദാബിയിലേക്കുള്ള സര്‍വീസ്. അബുദബി-ഫുജൈറ പാസഞ്ചര്‍ സര്‍വീസ് ജൂണില്‍ ആരംഭിച്ചിരുന്നു.
AtkinsRéalis Middle Eastലെ റോഡ് ആന്‍ഡ് റെയില്‍ വിഭാഗം സീനിയര്‍ ഡയറക്ടര്‍ റോജര്‍ ക്രൂക്ഷാങ്ക് പറയുന്നത്, എമിറേറ്റുകള്‍ക്കിടയിലെ യാത്രക്ക് ഇത്തിഹാദ് റെയില്‍ പ്രായോഗികമായ പൊതുഗതാഗത ബദല്‍ ഒരുക്കുന്നുവെന്നാണ്. എന്നാല്‍ സ്ഥിരമായി കൂടുതല്‍ പേര് റെയില്‍ ഉപയോഗിക്കണമെങ്കില്‍ നഗരങ്ങള്‍ക്കുള്ളിലെ നിലവിലുള്ള ഗതാഗത സംവിധാനങ്ങളുമായി റെയില്‍ ശൃംഖല മികച്ച രീതിയില്‍ ബന്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷന് ഇതിന് ഉദാഹരണമാണ്. സ്റ്റേഷനില്‍നിന്ന് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിലേക്ക് നടപ്പാലം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാര്‍ക്ക് ദുബൈ മെട്രോ റെഡ് ലൈനിലേക്ക് നേരിട്ട് മാറാനും നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാനും കഴിയും. ട്രെയിനില്‍നിന്ന് ഇറങ്ങിയ ശേഷം പ്രത്യേക വാഹനസൗകര്യം തേടാതെ പൊതുഗതാഗതത്തിലൂടെ യാത്ര തുടരാന്‍ കഴിയുന്നത് റെയിലിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് ക്രൂക്ഷാങ്ക് ചൂണ്ടിക്കാട്ടി.
ഇത്തിഹാദ് റെയില്‍ ശൃംഖല വികസിക്കുന്നതോടെ ട്രെയിന്‍, മെട്രോ, ബസ് എന്നിവ തമ്മിലുള്ള കൂടിച്ചേരല്‍ എത്രത്തോളം എളുപ്പമാണെന്നതിനെ ആശ്രയിച്ചായിരിക്കും ദൈനംദിന യാത്രാശീലത്തെ സ്വാധീനിക്കുക. റെയില്‍ ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനുള്ള സംവിധാനം മാത്രമാകാതെ, യാത്ര ആരംഭിക്കുന്ന സ്ഥലത്തുനിന്ന് അന്തിമ ലക്ഷ്യസ്ഥാനത്തേക്കുള്ള മുഴുവന്‍ യാത്രയും എളുപ്പമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വ്യത്യസ്ത പൊതുഗതാഗത സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിച്ച് മുഴുവന്‍ യാത്രയും ലളിതവും സൗകര്യപ്രദവുമാക്കുമ്പോഴാണ് റെയിലിന്റെ യഥാര്‍ഥ പ്രയോജനം ലഭിക്കുക എന്നാണ് ക്രൂക്ഷാങ്ക് പറയുന്നത്.
ഇതേ സ്ഥാപനത്തിലെ ട്രാന്സ്പോര്ട്ടേഷന് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ബെലാല് ദെയ്റാനിയയുടെ അഭിപ്രായത്തില്‍, എമിറേറ്റുകള്‍ തമ്മിലുള്ള മെച്ചപ്പെട്ട ഗതാഗതബന്ധം തൊഴില്‍ മേഖലയിലും ബിസിനസ് പ്രവര്‍ത്തനങ്ങളിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. നഗരങ്ങള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, താമസകേന്ദ്രങ്ങള്‍ എന്നിവ തമ്മിലുള്ള യാത്ര കൂടുതല്‍ പ്രവചിക്കാവുന്നതും സൗകര്യപ്രദവുമാകുന്നതോടെ ആളുകള്‍ക്ക് ജോലി, സേവനങ്ങള്‍ എന്നിവയിലെത്തുന്നത് എളുപ്പമാകുകയും ബിസിനസുകള്‍ക്ക് ജീവനക്കാരിലേക്കും വിപണികളിലേക്കും കൂടുതല്‍ സുഗമമായി എത്താന്‍ കഴിയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനായി റെയില്‍ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള ഗതാഗത സംവിധാനങ്ങള്‍ കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. മെട്രോ, ബസ്, മറ്റ് നഗര ഗതാഗത സംവിധാനങ്ങള്‍ എന്നിവയുമായുള്ള ഏകോപനം യാത്ര കൂടുതല്‍ സുഗമമാക്കുമെന്ന് ദെയ്റാനിയ പറഞ്ഞു.