രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി അനധികൃത വാണിജ്യ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലുകളും ആരോപണങ്ങളും പൂര്‍ണ്ണമായും തള്ളി പ്രമുഖ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ്. തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി എല്ലാ നിയമപരമായ വഴികളും തേടുമെന്നും ഇത്തിഹാദ് വക്താവ് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ അച്ചടക്ക നടപടികളില്‍ പ്രീമിയര്‍ ലീഗ് കമ്മീഷന് പുറപ്പെടുവിച്ച അഭിപ്രായങ്ങളും ലീഗിന്റെ പരസ്യ പ്രസ്താവനകളും വിലയിരുത്തിയ ശേഷമാണ് ഇത്തിഹാദ് എയര്‍വേസ് നിലപാട് വ്യക്തമാക്കിയത്.
ഏകദേശം ഒരു പതിറ്റാണ്ടിലേറെക്കാലം, വരുമാനം കൃത്രിമമായി കൂട്ടിക്കാണിക്കാനും ചെലവുകള്‍ കുറച്ചുകാണിക്കാനുമായി 900 ദശലക്ഷം പൗണ്ടിലധികം തുകയുടെ വ്യാജ വാണിജ്യ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉപയോഗിച്ചതായി പ്രീമിയര്‍ ലീഗ് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതികരണം. 2009 മുതല്‍ ഇത്തിഹാദ് ആണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാന സ്പോണ്സര്.
എന്നാല്‍, സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യമായോ അനിയന്ത്രിതമായോ ഇടപെട്ടിട്ടുണ്ടെന്ന ആരോപണം അങ്ങേയറ്റം അടിസ്ഥാനരഹിതമാണെന്ന് ഇത്തിഹാദ് അറിയിച്ചു. വ്യക്തതയും സുതാര്യതയുമില്ലാതെ വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ കമ്പനിയുടെ പ്രതിച്ഛായയ്ക്ക് കടുത്ത പ്രഹരമേല്‍പ്പിച്ചതായി ഇത്തിഹാദ് ആരോപിച്ചു. കമ്മീഷന് നടപടികളുടെ ഒരു ഘട്ടത്തിലും പ്രീമിയര്‍ ലീഗ് തങ്ങളുമായി സംസാരിക്കുകയോ വിവരങ്ങള്‍ ആരായുകയോ ചെയ്തിട്ടില്ലെന്നും, തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും വിമാനക്കമ്പനി ചൂണ്ടിക്കാട്ടി.