ലീഡക്സ് ഹൊറൈസണ്‍ ഡെലിഗേറ്റ് സമ്മിറ്റും കെഎംസിസി നാഷണല്‍ കോണ്‍ഫറന്‍സും ഒക്ടോബര്‍ 25ന് ദുബൈയില്‍

ന്യൂയോര്‍ക്ക്: ഇസ്രയേലും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണയായി. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ദൗത്യങ്ങളെ പൂര്‍ണ എംബസികളായി ഉയര്‍ത്താനും അംബാസഡര്‍മാരെ നിയമിക്കാനും തീരുമാനിച്ചു. ന്യൂയോര്‍ക്കില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറും മൊറോക്കോ വിദേശകാര്യ മന്ത്രി നാസര്‍ ബുറീറ്റയും യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്സും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ധാരണ പ്രഖ്യാപിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും, മൊറോക്കന്‍ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അവസരം നല്‍കാനും തീരുമാനിച്ചതായി ഗിഡിയന്‍ സാര്‍ പറഞ്ഞു. ഉന്നതതല സന്ദര്‍ശനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. 2026 അവസാനത്തോടെ രണ്ട് സാമ്പത്തിക കരാറുകള്‍ കൂടി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സാര്‍ അറിയിച്ചു. ഇസ്രയേല്‍-മൊറോക്കോ ബന്ധത്തിന് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ, വ്യാപാരം, പ്രാദേശിക ഏകീകരണം തുടങ്ങിയ മേഖലകളില്‍ ബന്ധം കൂടുതല്‍ വികസിപ്പിക്കാന്‍ പുതിയ ധാരണ സഹായിക്കുമെന്ന് യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്സ് പ്രതികരിച്ചു. അബ്രഹാം കരാറുകളുടെ ശക്തിയുടെ തെളിവാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ യുഎസിന്റെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന അബ്രഹാം കരാറിന്റെ ഭാഗമായാണ് ഇസ്രയേലും മൊറോക്കോയും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. യുഎഇ, ബഹ്റൈന്‍, സുഡാന് എന്നിവയും ഇതേ കാലയളവില്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. അതേസമയം, ഇസ്രയേലുമായുള്ള അറബ് രാജ്യങ്ങളുടെ സാധാരണവല്‍ക്കരണ നീക്കങ്ങളെ ഫലസ്തീന് നേതൃത്വം വിമര്‍ശിച്ചിരുന്നു. അധിനിവേശ പ്രദേശങ്ങളില്‍നിന്നുള്ള ഇസ്രയേല്‍ പിന്മാറ്റവും ഫലസ്തീന് രാഷ്ട്രത്തിന്റെ അംഗീകാരവും സാധാരണവല്‍ക്കരണത്തിന് അടിസ്ഥാനമാക്കണമെന്ന ദീര്‍ഘകാല അറബ് നിലപാടിനെ ഇത്തരം കരാറുകള്‍ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു അവരുടെ ആശങ്ക.